ഭരണകൂടം നടപ്പാക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

(www.kl14onlinenews.com)
(28-October -2024)

ഭരണകൂടം നടപ്പാക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. മീനങ്ങാടി ആദ്യ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി. നാമനിർദേശ പത്രികയുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തിയ ആരോപണങ്ങൾ തള്ളിയ പ്രിയങ്ക, വ്യക്തമായ രാഷ്ട്രീയവും സംസാരിച്ചു.

"ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്. നമ്മുടെ പോരാട്ടം ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് നടത്തുന്നത് വലിയ പോരാട്ടമാണ്. ഇത് ജനാധിപത്യത്തിന് വേണ്ടി പോരാടേണ്ട സമയമാണ്"- പ്രിയങ്ക പറഞ്ഞു.

വയനാട്ടിലെ വികസനവിഷയങ്ങളും പ്രസംഗത്തിൽ പ്രിയങ്ക എടുത്തുപറഞ്ഞു. പാർലമെന്റിൽ വയനാടിന്റെ ശബ്ദമായി മാറും. "വയനാടിന്റെ ഏറ്റവും വലിയ ആവശ്യം മെഡിക്കൽ കോളേജാണ്. അതിന് വേണ്ടിയുള്ള ശ്രമം നടത്തും"- അവർ പറഞ്ഞു. വയനാട്ടിലെ രാത്രിയാത്ര നിരോധനം, വന്യജീവി സംഘർഷം തുടങ്ങിയ വിഷയങ്ങളിലും ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്നും പ്രിയങ്ക വ്യക്തമാക്കി. നാമനിർദേശ പത്രിക സമർപ്പിച്ച ദിവസം വയനാട് സ്വദേശി ത്രേസ്യയുടെ വീട്ടിലെത്തിയതിനെക്കുറിച്ചും പ്രിയങ്ക പ്രസംഗത്തിൽ പരാമർശിച്ചു.

നേരത്തെ, താളൂർ നീലഗിരി കോളജിൽ 11.50 ഓടെയാണ് പ്രിയങ്കയുമായി ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഇന്ന് പനമരം, പൊഴുതന എന്നിവടങ്ങളിലാണ് അടുത്ത യോഗം.നാളെ 9.30ന് ഈങ്ങാപ്പുഴ, 12.30ന് തെരട്ടമ്മൽ, 3ന് മമ്പാട്, 4.30ന് ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടർന്ന് ഡൽഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീപാവലിക്കു ശേഷം വയനാട്ടിൽ വീണ്ടുമെത്തും.

ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു. ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നുണ്ട്. മണിപ്പൂരിൽ ഉൾപ്പടെ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ നടക്കുന്നുവെന്നും പ്രിയങ്ക ഓർമ്മിപ്പിച്ചു.

വെറുപ്പിന്റെ രാഷ്ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കനാണ് ഓരോ നയങ്ങളും. അത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും പ്രിയങ്ക പറഞ്ഞു. മീനങ്ങാടിയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള പ്രസംഗം.

വയനാടിന്റെ സ്നേഹത്തിന് കടപ്പാടുണ്ട്. മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടില്ല. വയനാട്ടിലെ ജനങ്ങൾ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവരാണ്. വയനാട് മനോഹരമായ ഭൂമിയാണ്.

തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്ന സ്ഥലം. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറുമെന്നും പ്രിയങ്ക വ്യക്തമാക്കി.

എല്ലാവരും കുറ്റം പറഞ്ഞപ്പോൾ വയനാട് രാഹുലിനെ ചേർത്തുപിടിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ധൈര്യം നൽകിയത് വയനാട്ടിലെ ജനതയാണ്. വയനാട്ടുകാരെ സ്വന്തം കുടുംബം ആയാണ് രാഹുൽ കാണുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വയനാട്ടിലെത്തിയപ്പോൾ ത്രേസ്യയെ കണ്ട അനുഭവവും പ്രിയങ്ക പങ്കുവെച്ചു. തന്റെ അമ്മയും ത്രേസ്യയും ആലിംഗനം ചെയ്തത് ഒരുപോലെയാണെന്ന് തോന്നിയെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

കർഷകരോട് അനുതാപം ഇല്ലാത്ത കേന്ദ്ര സർക്കാരാണുള്ളത്. ആദിവാസി ഭൂമിപോലും സമ്പന്നർക്ക് കൈമാറുന്നു. കായിക മേഖലയ്ക്ക് കൂടുതൽ സൗകര്യം വയനാട്ടിൽ ഒരുങ്ങണം. ജലസേചന പ്രശ്നങ്ങൾക്ക് പരിഹാരം വേണം. ആദിവാസികൾക്ക് ആരോഗ്യം മെച്ചപ്പെടാൻ സൗകര്യം വേണം. ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യത്തിനും സത്യത്തിനും തുല്യതയ്ക്കും വേണ്ടിയാണ് പോരാട്ടം. എപ്പോഴെങ്കിലും ജനാധിപത്യത്തിന് വേണ്ടി നിൽക്കേണ്ട സമയം ഉണ്ടെങ്കിൽ അത് ഇപ്പോഴാണെന്നും പ്രിയങ്ക വ്യക്തമാക്കി.

വയനാട്ടിനു മെഡിക്കൽ കോളേജ് വേണം എന്നത് എനിക്കറിയാം. എന്റെ സഹോദരൻ ഇതിനായി കുറേ കഷ്ടപ്പെട്ടു. അതുപോലെ ഞാനും തുടരും. മനുഷ്യ മൃഗ സംഘർഷം ഇല്ലാതാക്കാനും രാത്രിയാത്ര പ്രശ്നം പരിഹരിക്കാനും ആവശ്യങ്ങൾ ഉണ്ട്. വയനാടിന്റെ അടിസ്ഥാന പ്രശ്നങ്ങൾ എല്ലാം ഞാൻ മനസിലാക്കുന്നു. ഓരോ മനുഷ്യരോടും നേരിട്ട് സംസാരിക്കണം എന്നുണ്ട്. രാഹുൽ വയനാട് ഒഴിയുമ്പോൾ എന്തുമാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് ഒരു സഹോദരി എന്ന നിലയിൽ എനിക്കറിയാമെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

വയനാട്ടിൽ നിന്ന് എത്ര ലക്ഷത്തിനു ജയിക്കും എന്നല്ല, നിങ്ങൾ ജനാധിപത്യത്തിന്, രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ജയിപ്പിച്ചാൽ ഞാൻ സാധ്യമായ അത്രയും പ്രയത്നിക്കും. പാർലമെന്റിൽ നിങ്ങളുടെ ശബ്ദമായി ഞാൻ മാറും. എന്നെ വിശ്വസിക്കാം കൈ വിടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയ പ്രിയങ്കയ്ക്ക് നേരത്തെ വന്‍ സ്വീകരണമായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിച്ചിരുന്നു

Post a Comment

Previous Post Next Post