(www.kl14onlinenews.com)
(25-October -2024)
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി. നവവധുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ പി.ഗോപാൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കോടതി പറഞ്ഞു. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടെന്ന പൊലീസ് വാദം കോടതി തള്ളി.
ചില തെറ്റിദ്ധാരണകൾ ഉണ്ടായെന്നും ഒത്ത് തീർപ്പായെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം. കോടതിയെ സമീപിച്ച യുവതിയും രാഹുലിനെതിരെ പരാതിയില്ലെന്നും രാഹുൽ മർദിച്ചിട്ടില്ലെന്നും അറിയിച്ചു. രണ്ടു പേരെയും കോടതി കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങ് റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി കേസ് റദ്ദാക്കിയത്.
രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. പരാതിക്കാരിയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നുവെന്നും പരാതി കിട്ടിയ ശേഷം രാഹുൽ മുങ്ങിയെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, കുടുംബ ബന്ധങ്ങളിൽ പല പ്രശങ്ങളും ഉണ്ടാവുമെന്ന് ഉണ്ടാവുമെന്ന് കോടതി വാദത്തിനിടെ പരാമർശിച്ചിരുന്നു.
സ്ത്രീധന പീഡനവും ദേഹോപദ്രവവുമടക്കം ആരോപിച്ച് രാഹുലിന്റെ ഭാര്യയും കുടുംബവുമാണ് പൊലീസിൽ പരാതി നൽകിയത്. രാഹുൽ തന്നെ മർദിച്ചുവെന്നും കഴുത്തിൽ കേബിൾ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. വിവാഹം നടന്ന് ദിവസങ്ങൾക്കുള്ളിലായിരുന്നു യുവതി പരാതിയുമായെത്തിയത്. പൊലീസ് കേസെടുത്തതോടെ രാഹുൽ വിദേശ രാജ്യത്തേക്ക് മുങ്ങി. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങൾക്ക് മുമ്പിലും ഭർത്താവിൽ നിന്ന് കൊടിയ പീഡനം നേരിട്ടെന്നു പറഞ്ഞ യുവതി ദിവസങ്ങൾക്കുള്ളിൽ നാടകീയമായി മൊഴി മാറ്റുകയായിരുന്നു.
Post a Comment