(www.kl14onlinenews.com)
(25-October -2024)
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ. ഷാനിബ്. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി പി. സരിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഷാനിബ് പറഞ്ഞു. സരിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പിന്മാറ്റം പ്രഖ്യാപിച്ചത്.
താൻ കോൺഗ്രസുകാരനാണെന്നും, കമ്മൂണിസ്റ്റുകാരനായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും, ഷാനിബ് വ്യക്തമാക്കി. 'കോൺഗ്രസ് രക്ഷപെടുന്നതിനു വേണ്ടി കോൺഗ്രസിന് അകത്തെ തെറ്റായ സമീപനങ്ങൾ തിരുത്തുന്നതിനു വേണ്ടിയുള്ള പിന്തുണയാണ് നൽകുന്നത്.
നോമിനേഷൻ പിൻവലിക്കുന്നു. സരിന് നിരുപാധിക പിന്തുണ നൽകാനാണ് തീരുമാനം. കോൺഗ്രസിന് അകത്തെ പ്രശ്നങ്ങൾ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഇക്കാര്യങ്ങൾ നേതാക്കളോട് പറഞ്ഞിട്ടുണ്ട്. അവർ ഇതു രഹസ്യാമയി സമ്മതിച്ചിട്ടുമുണ്ട്. തങ്ങൾ ഉന്നയിച്ച ആശയങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിന് അകത്തുനിന്ന് നിരവധി വോട്ടുകൾ ചോരും. ഈ വോട്ടുകൾ ലക്ഷ്യത്തെത്താനാണ് ഈ തീരുമാനം.
വി.ഡി. സതീശനും ഷാഫി പറമ്പിലും ചേർന്ന് പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ബിജെപിയുടെ പാളയത്തിൽ പാർട്ടിയെ കെട്ടാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയാകുന്നതിനായി ആരുമായി കൂട്ടുകൂടാനും, എന്തു തരംതാണ രാഷ്ട്രീയം കളിക്കാനും വി.ഡി. സതീശനു മടിയില്ല,' സ്ഥാനാർത്ഥിത്വം പിൻവലിച്ച ശേഷം ഷാനിബ് പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയി മത്സരിക്കാനാണ് എ.കെ.ഷാനിബ് ആദ്യം തീരുമാനിച്ചിരുന്നത്. തുടക്കത്തിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സരിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ് പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഡോ. പി.സരിൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെപിസിസി മീഡിയാ സെൽ ചെയർമാനായിരുന്ന സരിൻ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. കോൺഗ്രസിനെതിരെയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെയും ആരോപണങ്ങൾ ഉയർത്തിയാണ് സരിൻ പാർട്ടിയിൽ നിന്നിറങ്ങിയത്. പിന്നാലെ സരിനെ സിപിഎം സ്വതന്ത്രനായ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു
Post a Comment