മുഖ്യമന്ത്രിയുടെ അഭിമുഖം ഹിന്ദുവിന് നല്‍കിയ കെയ്‌സന് റിലയന്‍സുമായി അടുത്ത ബന്ധം

(www.kl14onlinenews.com)
(02-October -2024)

മുഖ്യമന്ത്രിയുടെ അഭിമുഖം ഹിന്ദുവിന് നല്‍കിയ കെയ്‌സന് റിലയന്‍സുമായി അടുത്ത ബന്ധം


ഡല്‍ഹി: മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം ഹിന്ദു പത്രത്തിന് എഴുതി നല്‍കിയതായി ആരോപണം ഉയര്‍ന്നിരിക്കുന്ന പി ആര്‍ ഏജന്‍സി കെയ്‌സന് റിലയന്‍സുമായി അടുത്ത ബന്ധം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയ്‌സന്റെ 75 ശതമാനം ഓഹരികള്‍ കൈവശമുള്ളത് റിലയന്‍സിന്റെ ഷെല്‍ കമ്പനി എന്ന ആരോപണം നേരിടുന്ന മേവന്‍ കോര്‍പ്പറേറ്റ് അഡ്‌വൈസേഴ്‌സിനാണ്‌. റിലയന്‍സിന്റെ പി ആര്‍ വര്‍ക്കുകള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത് കെയ്‌സനാണ്. ഇതിന് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മറ്റ് കോര്‍പറ്റേറ്റ് സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പി ആര്‍ ജോലികളും കെയ്‌സന്‍ ഏറ്റെടുക്കാറുണ്ട്.

സെപ്റ്റംബര്‍ 29 ന് രാവിലെ ഡല്‍ഹിയില്‍ കേരളാ ഹൗസില്‍വെച്ചാണ് ദ ഹിന്ദു ദിനപത്രത്തിലെ ശോഭനാ കെ നായര്‍ക്ക് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് വന്നതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണക്കടത്ത്, ഹവാല പണം സംസ്ഥാന, ദേശ വിരുദ്ധ പ്രവത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ പി വി അന്‍വര്‍ എംഎല്‍എ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഒരു സമുദായത്തെ മാത്രം ലക്ഷ്യംവെച്ച് മുഖ്യമന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ വിശദീകരണം തേടി പത്രത്തിന്റെ എഡിറ്റര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചു. അഭിമുഖത്തില്‍ മുഖ്യമന്ത്രി പ്രത്യേക സ്ഥലത്തെക്കുറിച്ച് പരാമര്‍ശിക്കുകയോ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ എന്ന പദം ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രസ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയില്‍ പി ആര്‍ ഏജന്‍സിയായ കെയ്‌സന്‍ ആവശ്യപ്പെട്ട പ്രകാരമാണ് മുഖ്യമന്ത്രിയുടെ അരമണിക്കൂര്‍ അഭിമുഖമെടുത്തതെന്നായിരുന്നു ഹിന്ദുവിന്റെ വിശദീകരണം. സെപ്റ്റംബര്‍ 21 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പി ആര്‍ ഏജന്‍സി ആവശ്യപ്പെട്ടതായും ഹിന്ദു ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ കെയ്‌സന്‍ നിഷേധിക്കുകയാണ് ചെയ്തത്.

2008 ല്‍ മാര്‍ക്കറ്റിങ്, പിആര്‍ രംഗങ്ങളില്‍ അനുഭവ സമ്പത്തുള്ള വിനീത് ഹാണ്ഡെയുടെ നേതൃത്വത്തിലാണ് കെയ്‌സന്‍ രൂപീകൃതമായത്. 170 ഓളം പേര്‍ ഈ പി ആര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നുണ്ട്. മലയാളിയായ നിഖില്‍ പവിത്രനാണ് കമ്പനി പ്രസിഡന്റ്. 2018ല്‍ വൈസ് പ്രസിഡന്റ് പദവിയില്‍ കെയ്സനിലെത്തിയ നിഖില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രസിഡന്റായത്. രാജീവ് ചന്ദ്രശേഖര്‍ എംപിയായിരുന്ന കാലയളവില്‍ അദ്ദേഹത്തിന്റെ മീഡിയ ടീമിന്റെ ഭാഗമായിരുന്നു നിഖില്‍ പവിത്രന്‍ എന്നാണ് വിവരം.

Post a Comment

Previous Post Next Post