(www.kl14onlinenews.com)
(29-October -2024)
കണ്ണൂർ: മുൻകൂർ ജാമ്യം നിഷേധിച്ചതോടെ മറ്റ് വഴികളില്ലാതെയാണ് പിപി ദിവ്യ പോലീസിന് മുന്നിലേക്കെത്തുന്നത്. ദിവ്യയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുമ്പോൾ കീഴടങ്ങാൻ എത്തുകയായിരുന്നുവെന്നാണ് ദിവ്യ പറയുന്നത്. ദിവ്യ കീഴടങ്ങിയതാണെന്നാണ് അവരുടെ അഭിഭാഷകനും പറയുന്നത്.ഇതോടെ ദിവ്യയുടെ കീഴടങ്ങലിലും സിപിഎം-പോലീസ് തിരക്കഥയുണ്ടെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
കണ്ണൂർ കണ്ണപ്പുരത്ത് റോഡിൽ വെച്ചാണ് ദിവ്യ പോലീസിന് മുന്നിൽ അകപ്പെടുന്നത്. ഡ്രൈവറും ദിവ്യയുമായിരുന്നു കാറിലുണ്ടായിരുന്നത്. കണ്ണപ്പുരത്ത് വെച്ച് പോലീസ് ദിവ്യയുടെ വാഹനം തടയുന്നു. താൻ കീഴടങ്ങാൻ വരികയായിരുന്നുവെന്നാണ് ദിവ്യ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. അതേ സമയം കണ്ണപ്പുരത്ത് വെച്ച് ദിവ്യയെ കസ്റ്റഡിയിലെടുത്തെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാറും അവകാശപ്പെടുന്നു.
കസ്റ്റഡിയിൽ എടുത്തെന്ന് പോലീസ് വാദം പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. "മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. പാർട്ടിക്കാർ പ്രതികളായി വന്നാൽ സർക്കാരിൽ നിന്ന് നീതി കിട്ടില്ലെന്ന് ഉറപ്പാണ്"- വി ഡി സതീശൻ പറഞ്ഞു
ദിവ്യയെ പാർട്ടി ഗ്രാമത്തിൽ ഒളിപ്പിച്ചത് സർക്കാരിന്റെ അറിവോടെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ ആരെയും സഹായിക്കനില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. നവീൻ ബാബുവിൻറ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, ദിവ്യ അടിയന്തരമായി കീഴടങ്ങണമെന്ന് സിപിഎം കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താൻ കീഴടങ്ങാൻ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താൻ കീഴടങ്ങാൻ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിക്കുന്നതിനിടെ വാഹനങ്ങൾക്കുനേരെ വഴിമധ്യേ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ഡിസിസി ഓഫിസിന് മുന്നിൽ കോൺഗ്രസ് കൊടികളേന്തിയെത്തിയ ചെറുസംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിന് മുന്നിലേക്ക് കൊടിവീശുകയും കൂകിവിളിക്കുകയുമായിരുന്നു. ദിവ്യയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം
Post a Comment