വയനാട് ഉപതിരഞ്ഞെടുപ്പ്: ആരംഭം ആഘോഷമാക്കി കോൺഗ്രസ്‌; പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചു

(www.kl14onlinenews.com)
(23-October -2024)

വയനാട് ഉപതിരഞ്ഞെടുപ്പ്: ആരംഭം ആഘോഷമാക്കി കോൺഗ്രസ്‌; പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചു
കല്‍പ്പറ്റ: കന്നിയങ്കത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പ്രിയങ്ക ഗാന്ധി. വരണാധികാരിയായ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകന്‍ റൈഹാനും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമല സന്ദർശിക്കും. താന്‍ സന്തോഷവതിയാണെന്നാണ് പത്രികാ സമർപ്പണത്തിന് ശേഷം പ്രിയങ്ക റിപ്പോർട്ടറിനോട് പ്രതികരിച്ചത്.

കൂറ്റന്‍ റോഡ് ഷോയ്ക്കും പൊതുപരിപാടിക്കും ശേഷമാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ആദരമായി കണക്കാക്കുന്നുവെന്നാണ് പരിപാടിയില്‍ പ്രിയങ്ക പറഞ്ഞത്. പതിനേഴാം വയസിലാണ് താന്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടും. ഓരോ ആളുകളുടെയും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ കേള്‍ക്കും. താന്‍ കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അച്ഛനും അമ്മയ്ക്കും സഹോദരനും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം. ഈ അവസരം തന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയോടും അധ്യക്ഷന്‍ ഖര്‍ഗെയോടും നന്ദി പറയുന്നു. ഞാന്‍ ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ചിരുന്നു. വയനാടിന്റെ നഷ്ടം നേരിട്ടറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടവരെ നേരിട്ട് കണ്ടു. വലിയ ദുരന്തത്തെ അവര്‍ നേരിട്ടത് തികഞ്ഞ ധൈര്യത്തോടെയാണ്. ആ ധൈര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നു. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണ്. വയനാടുമായുള്ള ബന്ധം ഞാന്‍ കൂടുതല്‍ ദൃഢമാക്കും', പ്രിയങ്ക പറഞ്ഞു.

വയനാടിന്റെ കുടുംബം ആകുന്നതിൽ സന്തോഷമുണ്ടെന്ന് നേരത്തെ കൽപ്പറ്റയിൽ നടന്ന പൊതുയോഗത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്റെ അനുജത്തിയെ നോക്കികൊള്ളണം എന്നു പറഞ്ഞാണ് രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചത്. വയനാടിന്റെ എന്ത് പ്രശ്‌നത്തിലും താൻ ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നേരത്തെ റോഡ് ഷോയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം കോൺഗ്രസ് പ്രവർത്തകരാണ് ചുരം കയറി വയനാട്ടിൽ എത്തിയത്. യുഡിഎഫ് നേതാക്കളായ കെസി വേണുഗോപാൽ, കെ സുധാകരൻ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടിഎന്നിവർക്കൊപ്പം തുറന്നവാഹനത്തിൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ജനങ്ങളെ അഭിവാദ്യം ചെയ്തു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നും വയനാട്ടിൽ നിന്നും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. താൻ മണ്ഡലം ഒഴിയുന്നതായി രാഹുൽ പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രിയങ്ക അവിടെ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയ്ക്ക് നൽകിയ ഗംഭീര സ്വീകരണം വഴി പാലക്കാട്, ചേലക്കര എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ആവേശം പകരുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ.

10 ദിവസം പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തും. പ്രിയങ്ക ഗാന്ധിക്ക് ആവേശം പകരാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചരണത്തിനായി നിരവധി പ്രവർത്തകർ വൈകാതെ വയനാട്ടിലെത്തുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തും.

രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ മൂന്ന് ദിവസം മാത്രമാണുണ്ടായിരുന്നത്. രണ്ട് തവണ രാഹുൽ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടിൽ വോട്ടഭ്യർഥിക്കാൻ എത്തിയിരുന്നു. എന്നാൽ സോണിയ എത്തിയിരുന്നില്ല.

എട്ടര വർഷത്തിനു ശേഷമാണു സോണിയ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നത്.സിപിഐയുടെ സത്യൻ മൊകേരിയാണ് വയനാട്ടിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥി. രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നവ്യ ഹരിദാസാണ് ബിജെപിയുടെ സ്ഥാനാർഥി.

Post a Comment

Previous Post Next Post