ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി

(www.kl14onlinenews.com)
(07-October -2024)

ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി.രാവിലെ പത്തിന് തിരുവനന്തപുരത്ത് പോലീസ് കമ്മിഷണർ ഓഫീസിലാണ്നടൻ ഹാജരായത്. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു.

ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാൻ നോട്ടീസ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാതിരുന്നതിനെ തുടർന്നാണ് സിദ്ദിഖ് കത്ത് നൽകിയത്. ഈ മാസം 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.

ഇതിനിടെയാണ് പ്രത്യേക സംഘം ഹാജരാകാൻ നോട്ടീസ് നൽകിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. യുവ നടിയാണ് പരാതി നൽകിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററിൽ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

Post a Comment

Previous Post Next Post