(www.kl14onlinenews.com)
(08-October -2024)
കാസർകോട്: 2024 സപ്തമ്പർ 19 മുതൽ ഒക്ടോബർ 5 വരെ ജനങ്ങളുടെ യാത്രാ സൗകര്യം പൂർണ്ണമായും നിഷേധിച്ച് അടച്ചിട്ട് പുലിക്കുന്ന് പൊതുമരാമത്ത് വകുപ്പ് കര്യാലയത്തിന് താഴെ കേവലം 25 മീറ്ററിൽ താഴെ റോഡ് ഇൻ്റർലോക്ക് പാകി പുനർനിർമ്മാണം നടത്തി ഒക്ടോബർ 5 ന് തുറന്ന് നൽകി 12 മണിക്കൂർ കഴിയുന്നതിന് മുമ്പ് റോഡ് തകർന്നതിനെ കുറിച്ച് വകുപ്പ് തല വിജിലൻസ് അന്വേഷണം നടത്തി കുറ്റർക്കാർക്കെതിരെ നിയമ നടപടി കൈകൊള്ളമെന്നും, കേവലം 25 മീറ്റർ ഭാഗം ഇൻ്റർലോക്ക് പാകാൻ ഭീമമായ സംഖ്യയാണ് ചിലവ് കാണിച്ചിട്ടുള്ളതെന്നും ഇതിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും, ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർക്കും, അസിസ്റ്റൻ്റ് എൻജീനിയർക്കും , ജില്ലാ ആൻ്റി കറപ്ക്ഷൻ ബ്യൂറൊ ഡിവൈഎസ്പിക്കും നൽകിയ നിവേദനത്തിൽ ആരോപിച്ചു.
നീതി വേദി പ്രസിഡണ്ട് സൈഫുദ്ദിൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈ, സീതു മേൽപറമ്പ , എം. സി. ജാബിർ സുൽത്താൻ, ബീഡി മുഹമ്മദലി . എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
അതേസമയം
റോഡ് പണിത കാലം മുതൽ തകരുന്ന സ്ഥലമാണ് പുലിക്കുന്നിലെ ഭാഗം. എല്ലാ വർഷവും അറ്റകുറ്റപ്പണികളും നടക്കും. കഴിഞ്ഞ വർഷവും ഇവിടെ കൊരുപ്പുകട്ടകൾ പാകിയിരുന്നു. വലിയ കുഴികൾ രൂപപ്പെട്ടതോടെ അപകടങ്ങളും പതിവായി. കഴിഞ്ഞവർഷം കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി ബൈക്ക് യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ വലിയ കുഴികളായി മാറിയതോടെയാണ് റോഡ് പൂർണമായും അടച്ച് പുതുക്കിപ്പണിയാൻ തീരുമാനമെടുത്തതും പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി നടത്തിയതും
റോഡ് പണി നടത്തുമ്പോൾ ഉദ്യോഗസ്ഥരുടെ മുഴുവൻ സമയ മേൽനോട്ടമുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. കൊരുപ്പുകട്ട പാകുന്നതിന് വേണ്ടി ഒരടിയിൽ കൂടുതൽ മണ്ണ് നീക്കിയിരുന്നു.
വീണ്ടും അവിടെ മണ്ണും മറ്റു മിശ്രിതങ്ങളും നിറച്ചെങ്കിലും അവ റോളർ ഉപയോഗിച്ച് ഉറപ്പിച്ചിട്ടില്ല. അതിന് മുകളിലാണ് കൊരുപ്പുകട്ട പാകിയത്. ഇതാണ് വലിയ വാഹനങ്ങൾ പോകുമ്പോൾ ഒരിടത്ത് മണ്ണ് താഴ്ന്ന് മറ്റുസ്ഥലങ്ങളിൽ കട്ടകളുൾപ്പെടെ പൊങ്ങുന്നതിനിടയാക്കിയത്. ചില ഭാഗത്ത് പരസ്പരം കോർത്തുവെച്ച കട്ടകൾ ഇളകിയിട്ടുമുണ്ട്.
വർഷാവർഷം ലക്ഷങ്ങൾ ചെലവഴിക്കുന്നതല്ലാതെ സ്ഥായിയായ പരിഹാരം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഇവിടെ ചെലവഴിച്ച തുക കണക്കാക്കിയാൽ മികച്ച റോഡ് നിർമിക്കാമായിരുന്നിട്ടും പദ്ധതി തയ്യാറാക്കുമ്പോഴുള്ള ദീർഘവീക്ഷണമില്ലായ്മയാണ് റോഡ് തകർച്ചയ്ക്ക് കാരണമാകുന്നത്
Post a Comment