(www.kl14onlinenews.com)
(10-October -2024)
കൊച്ചി: എറണാകുളം പത്തടിപാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ എംഎൽഎ പി.വി.അന്‍വറിന് ഹാൾ അനുവധിച്ചില്ലെന്ന് പരാതി. യോഗം ചേരുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് റസ്റ്റ് ഹൗസിന് മുന്നിൽ അൻവർ പ്രതിഷേധമുയർത്തി. മുഖ്യമന്ത്രി വാളെടുത്ത് വീശുമ്പോള്‍, മരുമകന്‍ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് അൻവർ പറഞ്ഞു.
50 ഓളം പേർക്ക് ഇരിക്കാവുന്ന ഹാളാണ് ബുക്കു ചെയ്തത്. എന്നാൽ രാഷ്ട്രീയ പാർട്ടി യോഗത്തിനു അനുമതി നൽകാനാവില്ലെന്ന് പി.ഡബ്യു.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് കാര്യങ്ങൾ വിശദമാക്കിയെങ്കിലും മറുപടി നൽകിയില്ലെന്നാണ് അൻവറിന്റെ ആരോപണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഹാള്‍ അനുവദിക്കില്ലെന്നാണ് പിഡബ്ല്യുഡി അസി. എഞ്ചിനിയര്‍ അറിയിച്ചത്. സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗമാണെന്ന് ചൂണ്ടിക്കാട്ടി രണ്ടാമത് കത്തയച്ചിരുന്നു. കത്തിന് മറുപടി നൽകിയിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോഴും കട്ടാക്കുകയായിരുന്നു. ബുക്കിങ് ഓഫീസുമായി ബന്ധപ്പെട്ടപ്പോളാണ് അനുമതി നല്‍കേണ്ടെന്ന നിര്‍ദേശമുണ്ടെന്ന് അറിഞ്ഞതെന്നും പി വി അൻവർ പ്രതികരിച്ചു
അതേസമയം, മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണെന്ന് കഴിഞ്ഞ ദിവസം പി.വി.അൻവർ ആരോപിച്ചിരുന്നു. വേണ്ടി വന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അൻവർ ഭീഷണി ഉയർത്തി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോടായിരുന്നു അൻവറിന്റെ പ്രതികരണം. ഡിഎംകെ ഷാൾ കഴുത്തിൽ അണിഞ്ഞ് കയ്യിൽ ചുവന്ന തോർത്തുമായാണ് അൻവർ എത്തിയത്
Post a Comment