ഹരിയാനയിൽ അട്ടിമറി; ജനവിധി അംഗീകരിക്കില്ല; ബി.ജെ.പിയുടേത് കൃത്രിമ വിജയമെന്നും കോൺഗ്രസ്

(www.kl14onlinenews.com)
(08-October -2024)

ഹരിയാനയിൽ അട്ടിമറി; ജനവിധി അംഗീകരിക്കില്ല; ബി.ജെ.പിയുടേത് കൃത്രിമ വിജയമെന്നും കോൺഗ്രസ്
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം കൃത്രിമമെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ഫലം തീർത്തും അപ്രതീക്ഷിതമാണ്. അംഗീകരിക്കാനാകില്ല. പല മണ്ഡലങ്ങളിൽനിന്നും പരാതികൾ വരുന്നുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

വോട്ടിങ് മെഷീനെ കുറിച്ചും വോട്ടെണ്ണലുമായി ബന്ധപ്പെട്ടും പരാതികൾ ഉയരുന്നുണ്ട്. ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ന്യൂഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. യഥാർഥ്യത്തിന് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് ഫലം. ഹിസാർ, മഹേന്ദ്രഗഢ്, പാനിപ്പത്ത് എന്നീ ജില്ലകളിൽ കൃത്രിമം നടന്നതായി പ്രവർത്തകർ പരാതി അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. ആദ്യഘട്ട ഫലം പുറത്തുവന്നപ്പോൾ കൂറ്റൻ ലീഡ് നേടി മുന്നേറിയിരുന്ന കോൺഗ്രസ് പൊടുന്നനെയാണ് പിന്നാക്കം പോയത്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് ബി.ജെ.പി 50 സീറ്റുകളിൽ വിജയിക്കുകയോ, മുന്നേറുകയോ ചെയ്യുന്നുണ്ട്. കോൺഗ്രസ് സഖ്യം 35 സീറ്റുകളിലാണ് മുന്നേറുന്നത്

ഇന്ത്യൻ നാഷനൽ ലോക്ദൾ രണ്ടു സീറ്റുകളിൽ ജയിച്ചു. ഹരിയാനയിൽ എക്സിറ്റുപോളുകളെല്ലാം പ്രവചിച്ചിരുന്നത് കോൺഗ്രസിന്‍റെ അനായാസ വിജയമായിരുന്നു. തുടർച്ചയായി രണ്ടു തവണ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം കോൺഗ്രസിന് ഭൂരിപക്ഷം നൽകുമെന്നായിരുന്നു പ്രവചനം. സംസ്ഥാനത്ത് ആദ്യഘട്ടത്തിലെ ഫലസൂചനകളും ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു. എന്നാവൽ, ഉച്ചയോടുകൂടിയാണ് കാര്യങ്ങൾ മാറിമറിയുന്നത്. ബി.ജെ.പി മാജിക് നമ്പർ കടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി, ഹാട്രിക് വിജയത്തിലേക്ക് കടന്നു.

ഹരിയാന തെരഞ്ഞെടുപ്പു ഫലം അപ്‌ഡേറ്റ് ചെയ്യുന്നതിൽ മെല്ലെപ്പോക്കുണ്ടായെന്ന കോൺഗ്രസിന്‍റെ പരാതി നേരത്തെ തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയിരുന്നു. ‘അടിസ്ഥാന രഹിത’മെന്നാണ് കമീഷൻ പ്രതികരിച്ചത്. ആരോപണം തെളിയിക്കാൻ രേഖകളൊന്നുമില്ലെന്നും ജയറാം രമേശിന്‍റെ ആരോപണത്തോട് കമീഷൻ പ്രതികരിച്ചു.

കർഷകരോഷവും ഗുസ്തിതാരങ്ങളുടെ പ്രതിഷേധവും അഗ്നിവീർ പദ്ധതിയും ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്ത വിഷയങ്ങളൊന്നും ബി.ജെ.പിയുടെ മുന്നേറ്റത്തെ തടുക്കാൻ പര്യാപ്തമായില്ലെന്നാണ് ഫലം കാണിക്കുന്നത്. ബി.ജെ.പി ശക്തികേന്ദ്രങ്ങളായ നഗരമണ്ഡലങ്ങളിൽ പോളിങ് കുത്തനെ താഴ്ന്നതും ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന കണക്കുകൂട്ടലുകളും പ്രതിപക്ഷത്തിന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, അതുമുണ്ടായില്ല. ഹരിയാനയിൽ ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 61 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്

ഹരിയാനയിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എക്സിറ്റ് പോൾ പ്രവചനങ്ങളും കോൺഗ്രസിന് അനുകൂലമായിരുന്നു. എന്നാൽ, ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടുകയായിരുന്നു

Post a Comment

Previous Post Next Post