മാമി തിരോധാനക്കേസിലെ നിലവിലെ അന്വേഷണം വെറുതെ, കേസ് അട്ടിമറിക്കാൻ ശ്രമം: പി വി അൻവർ

(www.kl14onlinenews.com)
(30-Sep -2024)

മാമി തിരോധാനക്കേസിലെ നിലവിലെ അന്വേഷണം വെറുതെ, കേസ് അട്ടിമറിക്കാൻ ശ്രമം: പി വി അൻവർ

കോഴിക്കോട്: മാമി തിരോധാനക്കേസിലെ നിലവിലെ അന്വേഷണം വെറുതെയെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവ‍ർ. നേരത്തെ കേസ് അന്വേഷിച്ചിരുന്ന എസ്‍പി പി വിക്രമനെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കാൻ താൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് കത്ത് നൽകിയിരുന്നു, മുഖ്യമന്ത്രിക്കും കത്ത് നൽകി. എന്നാൽ ഈ കത്തിലൊന്നും ഫലമുണ്ടായില്ല. നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും ഉണ്ടാകില്ല. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. മാമി കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നും പി വി അൻവർ ആരോപിച്ചു. മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിശദീകരണ പൊതുയോഗത്തിലാണ് അൻവറിന്റെ ആരോപണങ്ങൾ.

മാമി കേസിന് പുറമെ മറ്റൊരു കേസുകൂടി പി വി അൻവർ ഇന്ന് പൊതുസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു. പാനൂരിലെ മുഹമ്മദ് ഹാഷിറിന്റെ മരണത്തിൽ ​ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണമാണ് അൻവർ മുതലക്കുളത്ത് വ്യക്തമാക്കിയത്. പാനൂരിൽ ലഹരിക്കടിമപ്പെട്ട 17 വയസ്സുള്ള കുട്ടി മയക്കുമരുന്ന് ലോബിയുടെ ഇടപെടൽ മൂലം മരിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല. മയക്കുമരുന്ന് ലോബിയുടെ ഇടപെടൽ കാരണം കേസ് എങ്ങുമെത്തിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. അൻവ‍ർ ഉന്നയിക്കുന്നുണ്ട്. കുട്ടി മരിച്ചത് ലഹരി ഉപയോഗത്തിൽ നിന്ന് മോചിതനായ ശേഷമാണെന്നും വിഷം കൊടുത്ത് കൊന്നതാണെന്നുമുള്ള ആരോപണവും അൻവർ യോഗത്തില്‍ ഉയര്‍ത്തി

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും അൻവർ രൂക്ഷവിമർശനമുന്നയിച്ചു. മതസൌഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി ആർ എസ്എസ്സുമായും രാജ്യത്തെ ഭീകരവാദികളുമായും ചേർന്ന് ഒരു സമൂഹത്തെയാകെ അപരവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ ആരോപിച്ചു. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എടുത്തുപറഞ്ഞാണ് അൻവർ പ്രതികരിച്ചത്

Post a Comment

Previous Post Next Post