(www.kl14onlinenews.com)
(02-October -2024)
തെഹ്റാൻ: ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പരിമിതമായ തോതിൽ മാത്രമാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ. എന്നാൽ, ഇസ്രായേൽ പ്രത്യാക്രമണം നടത്തിയാൽ വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്നും മേജർ ജനറൽ മുഹമ്മദ് ബാഗരി പറഞ്ഞു. ഇസ്രായേലിന്റെ മിലിറ്ററി ഇൻഫ്രാസ്ടെക്ചർ, മൊസാദ് രഹസ്യാന്വേഷണ കേന്ദ്രം, നേവാറ്റിം എയർബേസ്, ഹാറ്റ്സോർ എയർബേസ്, റഡാർ ഇൻസ്റ്റലേഷനുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
തെൽ അവീവിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. 180ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്. ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.
ഇസ്രായേൽ സേന തന്നെയാണ് മിസൈൽ ആക്രമണം സ്ഥിരീകരിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ സേന ജനങ്ങളോടാവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ആക്രമണം തടഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനു നേരെ മിസൈൽ അക്രമണം നടത്തിയതായി ഇറാന്‍റെ റവലൂഷനറി ഗാർഡും സ്ഥിരീകരിച്ചു.
ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയെയും ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെയും വധിച്ചതിനുള്ള തിരിച്ചടിയാണ് മിസൈൽ ആക്രമണമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.
Post a Comment