ലെബനനിൽ ഇസ്രായേൽ ആക്രമണം; 492 പേർ കൊല്ലപ്പെട്ടു;യുദ്ധമുനമ്പിൽ വീണ്ടും പശ്ചിമേഷ്യ

(www.kl14onlinenews.com)
(24-Sep -2024)

ലെബനനിൽ ഇസ്രായേൽ ആക്രമണം; 492 പേർ കൊല്ലപ്പെട്ടു;യുദ്ധമുനമ്പിൽ വീണ്ടും പശ്ചിമേഷ്യ

ബെയ്‌റൂട്ട്: എന്താണ് ലെബനനിൽ സംഭവിക്കുന്നത്. 2006-ന് ശേഷം, രാജ്യം കണ്ട് ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ 492പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഏകദേശം ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലെബനൻ മറ്റൊരു ഗാസയായി മാറുമോയെന്ന് ആശങ്കയുള്ളതായി കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സിഎൻഎന്നിനോട് പറഞ്ഞിരുന്നു. ലെബനനിലെ ആക്രമങ്ങളുടെ തീവ്രത യുഎൻ സെക്രട്ടറി ജനറലിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

സംഘർഷത്തിന്റെ കാരണങ്ങൾ

ലെബനൻ ആസ്ഥാനമായുള്ള ഷിയാ സംഘടനയായ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള പകയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഹമാസ്- ഇസ്രായേൽ സംഘർഷത്തിൽ ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ളയും രംഗത്തുവന്നതോടെയാണ് സംഘർഷം രൂക്ഷമായത്. ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണങ്ങളുമായി ഹിസ്ബുള്ള ഹമാസിനും പലസ്തീനും പിന്തുണ നൽകി. ഇതിന് പിന്നാലെയാണ് കഴിഞ്ഞാഴ്ച ലെബനനിൽ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനം. ഇതിന് പിന്നിൽ ഇസ്രായേലാണെന്നാണ് സൂചന.

ഇസ്രായേലിനെയും പാശ്ചാത്യ രാജ്യങ്ങളുടെ പശ്ചിമേഷ്യയിലെ സൈനീക നടപടികളെയും ദീർഘകാലമായി എതിർക്കുന്ന ഇറാന്റെ പിന്തുണയാണ് ഹിസ്ബുള്ളയെയും ഹമാസിനെയും മുന്നോട്ട് നയിക്കുന്നത്. ഇറാന്റെ സൈനീക-സാമ്പത്തിക സഹായത്തിലാണ് ഇരുവിഭാഗങ്ങളും മുന്നോട്ട് നീങ്ങുന്നത്.

ഇപ്പോൾ സംഭവിക്കുന്നത്

ഓഗസ്റ്റ് അവസാനത്തിൽ, ഹിസ്ബുള്ള നൂറുകണക്കിന് റോക്കറ്റുകളും ഡ്രോണുകളും ഇസ്രായേലിലേക്ക് പായിച്ചു.ജൂലൈയിൽ ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രായേൽ വധിച്ചതിനുള്ള പ്രതികാരമായിരുന്നു ഈ ആക്രമണം. ഇതിന് പിന്നാലെ ഇസ്രായേലിന്റെ കൈവശമുള്ള ഗോലാൻ കുന്നുകളിൽ 12 കുട്ടികളുടെ മരണത്തിനിടയാക്കിയ റോക്കറ്റാക്രമണം നടന്നു. ഇതോടെയാണ് അതിർത്തി കടന്നുള്ള ആക്രമണങ്ങൾ രൂക്ഷമായത്

അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്ഹി സ്ബുള്ളയ്ക്കെതിരായ വ്യോമാക്രമണം വിപുലീകരിക്കുന്നതിന് മുന്നോടിയായി തെക്കൻ, കിഴക്കൻ ലെബനനിൽ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. 'ആയിരക്കണക്കിന് ലെബനീസ് പൗരൻമാർ തെക്കോട്ട് പലായനം ചെയ്തു. തെക്കൻ തുറമുഖ നഗരമായ സിഡോണിൽ നിന്നുള്ള പ്രധാന ഹൈവേ ബെയ്‌റൂട്ടിലേക്ക് പോകുന്ന കാറുകളാൽ സ്തംഭിച്ചു-എപി റിപ്പോർട്ട് ചെയ്യുന്നു. 2006-ലെ ഇസ്രായേൽ-ഹെബ്സോള യുദ്ധത്തിന് ശേഷം ഇവിടെയുള്ള ഏറ്റവും വലിയ പലായനമാണിത്.'- എപി റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു: ''ഞാൻ ആവർത്തിച്ച് പറയുന്നു. ഇസ്രായേൽ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ ഇസ്രായേൽ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശവും കടമയും ഞങ്ങൾക്കുണ്ട്".- അദ്ദേഹം പറഞ്ഞു. ലെബനനിലെ വീടുകളും കെട്ടിടങ്ങളും ഹിസ്ബുള്ളയുടെ ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി ചിത്രീകരിക്കുന്ന ഒരു ആനിമേഷൻ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.എന്നാൽ, ഇസ്രായേലിന്റെ വാദങ്ങളോട് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.

യുദ്ധം മുറുകുമോ...?

ഗാസയിലെ വിനാശകരായ യുദ്ധത്തിന് പിന്നാലെ വീണ്ടും പശ്ചിമേഷ്യ സംഘർഷഭൂമിയാകുമോയെന്ന് ആശങ്ക ലോകരാഷ്ട്രങ്ങൾക്കുണ്ട്.സമ്പൂർണ്ണ യുദ്ധം ഇരുപക്ഷവും ആഗ്രഹിക്കുന്നില്ലെന്നാണ് വിവരം. എന്നാൽ, വടക്കൻ ഇസ്രായേലിലെ ജനങ്ങൾക്ക് സുരക്ഷിതമായി തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്താൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.



മേഖലയിൽ ഒരു സമ്പൂർണ യുദ്ധം ഉടലെടുക്കാൻ സാധ്യതയില്ലെന്ന് പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പഠിക്കുന്ന ലിന ഖത്തീബ് എപിയോട് പറഞ്ഞു. "ആശങ്കയുണ്ടെങ്കിലും തെങ്കൻ ലെബനനിൽ ഒരു സമ്പൂർണ്ണ യുദ്ധമല്ല നടക്കുന്നത്. പരിമിതമായ മാർഗങ്ങൾ മാത്രമാണ് ഇസ്രായേലും ഹിസ്ബുള്ളയും ആക്രമണത്തിന് സ്വീകരിക്കുന്നത്. ഇതിനെ ഒരു സമ്മർദ്ദതന്ത്രമായി മാത്രമേ കാണാൻ കഴിയു"-ലിന ഖത്തീബ് പറയുന്നു.

Post a Comment

Previous Post Next Post