കനത്ത തിരിച്ചടി; ലൈംഗികാതിക്രമ കേസിൽ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യമില്ല

(www.kl14onlinenews.com)
(24-Sep -2024)

കനത്ത തിരിച്ചടി;
ലൈംഗികാതിക്രമ കേസിൽ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യമില്ല
കൊച്ചി:ലൈംഗികാതിക്രമണ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസ് ആണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. തനിക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദീഖിൻറെ ആവശ്യം. എന്നാൽ, ഇക്കാര്യങ്ങൾ തള്ളികൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉൾപ്പെടെ സിദ്ദീഖ് നേരിടേണ്ടി വന്നേക്കാം.

ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിൻറെ ഭാഗമായുള്ള തുടർ നടപടികളിലേക്ക് അന്വേഷണ സംഘം വേഗത്തിൽ നീങ്ങിയേക്കും. അതേസമയം, ഹൈക്കോടതി ഉത്തരവ് ലഭിച്ചശേഷമയായിരിക്കും തുടർ നടപടിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ലൈംഗികാതിക്രമണ പരാതി ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. അടിസ്ഥാനനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുളളത്. അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദിഖ് മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.

അതേസമയം, സിദ്ദീഖിനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. സിദ്ദീഖിനെതിരായ തെളിവുകൾ ഉൾപ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അമ്മ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദീഖിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി യുവതി രംഗത്തുവരുന്നത്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററിൽ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

Post a Comment

Previous Post Next Post