(www.kl14onlinenews.com)
(03-Sep -2024)
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ ഡിജിപി ദർവേഷ് സാഹിബ് നേരിട്ട് അന്വേഷിക്കും. ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് ഉത്തരവിറങ്ങി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെയാണ് അന്വേഷണം നടക്കുക. എഡിജിപിക്കെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് മുഖ്യമന്ത്രി അന്വേഷണത്തിനായി ഉത്തരവിട്ടത്.
ഡിജിപിയെ കൂടാതെ നാല് അംഗങ്ങളാണ് ഉള്ളത്. ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ, ക്രൈംബ്രാഞ്ച് എസ്പി മദുസൂദനൻ, എസ്പി ഷാനവാസ് അടങ്ങിയ സംഘത്തെയാണ് രൂപീകരിച്ചത്. അന്വേഷണ സംഘം ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിക്ക് നിർദേശം നൽകിയത്.
കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ എഡിജിപിയെ കൂടി വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഏതു കാര്യവും അതിന്റെ ശരിയായ മെറിറ്റിൽ പരിശോധിക്കുന്ന നിലയാണ് സർക്കാരിനുള്ളത്. ഇക്കാര്യത്തിൽ ഒരു മുൻവിധിയും സർക്കാരിനില്ല. ചില പ്രശ്‌നങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ ഉയർന്നു വന്നിട്ടുണ്ട്. അത് അതിന്റേതായ ഗൗരവം നിലനിർത്തിക്കൊണ്ടു തന്നെ അന്വേഷിക്കും. ഏറ്റവും ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സുജിത് ദാസിന് സസ്‌പെൻഷൻ ഇല്ല:സ്ഥലം മാറ്റി
മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്‌സിലെ മരം മുറി കേസൊതുക്കാൻ പി വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിന് സസ്‌പെൻഷൻ ഇല്ല. നടപടി സ്ഥലംമാറ്റത്തിലൊതുക്കി. പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. പത്തനംതിട്ട എസ്പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.
പി വി അൻവറുമായുള്ള ഫോൺവിളിയിൽ കുടുങ്ങിയതിനെ തുടർന്ന് സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നടപടി. എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാർശ നൽകിയിരുന്നെങ്കിലും സ്ഥലം മാറ്റത്തിൽ ഒതുക്കുകയായിരുന്നു. പി വി അൻവറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും, എസ് പി സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.സംഭാഷണത്തിൽ സുജിത് ദാസ് എഡിജിപി എംആർ അജിത് കുമാറിനെതിരെ സംസാരിക്കുന്നുണ്ട്.
Post a Comment