(www.kl14onlinenews.com)
(02-Sep -2024)
പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കി; എസ് പി സുജിത് ദാസിന് സസ്പെൻഷൻ; പി.വി. അൻവറിന്റെ ആരോപണത്തിൽ ആദ്യ നടപടി
തിരുവനന്തപുരം: ഇടതുപക്ഷ എംഎല്‍എ പി വി അന്‍വറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ പത്തനംതിട്ട എസ് പി എസ് സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. ആഭ്യന്തരവകുപ്പ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ഉടൻ പുറത്തിറങ്ങും
പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. ഇതു പ്രകാരമാണ് നടപടി.
അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെതിരെയും മാറ്റുമെന്നാണ് വിവരം. ക്രമസമാധാന ചുമതലയിൽ നിന്നും അദ്ദേഹത്തെ മാറ്റി അന്വേഷണം നടത്താനാണ് തീരുമാനം. പകരം മനോജ് എബ്രഹാമും എച്ച് വെങ്കിടേഷും പരിഗണനയിലുണ്ട്. ബൽറാം കുമാർ ഉപാധ്യയുടെ സാധ്യതയും ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നു.
അതേസമയം
നേരത്തെ സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗം ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ഉന്നത ഉദ്യോഗസ്ഥരായ എം ആർ അജിത് കുമാർ, എസ് ശശിധരൻ എന്നിവരെ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ സുജിത് ദാസ് അപകീർത്തിപ്പെടുത്തുന്നുണ്ട്. എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എയോട് എസ്പി പറയുന്നു. എസ്പിയുടെ ക്യാമ്പ് ഹൗസിൽ നിന്ന് മരങ്ങൾ കടത്തിയെന്ന പരാതി പിൻവലിക്കാനാണ് സുജിത് ദാസ്, പി വി അൻവർ എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്.
എന്നാൽ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നൽകുകയോ ഉറപ്പ് നൽകുകയോ ചെയ്യാതിരിക്കുന്ന എംഎൽഎ എം ആർ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നുണ്ട്. പരാതി എംഎൽഎ ഒന്ന് പിൻവലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്. 25 വർഷത്തെ സർവ്വീസ് ഉണ്ടെന്നും അത്രയും കാലം താൻ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നു. പി വി അന്‍വറിനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നത് വലിയ നാണക്കേടാണ് പൊലീസ് സേനയ്ക്ക് ഉണ്ടാക്കിയത്.
ഇതിന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിനെതിരെ എസ്പി ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. സേനയിൽ സർവ്വശക്തനായിരുന്ന പി വിജയനെ നശിപ്പിച്ചത് എം ആർ അജിത് കുമാർ ആണ്. കേസിലുൾപ്പെട്ട മറുനാടൻ മലയാളി ചീഫ് ഷാജൻ സ്കറിയ ഒളിവിലിരിക്കെ അയാളെ രക്ഷപ്പെടുത്തിയത് അജിത് കുമാറാണെന്നും സംഭാഷണത്തിൽ വ്യക്തമാണ്. സേനയിൽ അജിത് കുമാർ സർവ്വശക്തനാണ്. കാര്യങ്ങൾ തീരുമാനിക്കുന്നത് എം ആർ അജിത് കുമാർ ആണെന്നും സുജിത് ദാസ് പറയുന്നു
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത് കുമാർ. പൊളിറ്റിക്കൽ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാൾക്കിത്ര ശക്തി. എം ആർ അജിത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാർ എല്ലാം അയാളുടെ സുഹൃത്തുക്കളാണ്. മാത്രമല്ല എന്തുകൊണ്ടാണ് മലപ്പുറം എസ്പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത് ദാസ് ചോദിക്കുന്നു. തന്നെ സഹോദരനെപ്പോലെ കാണണം എന്ന് കൂടി എസ് പി കൂട്ടിച്ചേർക്കുന്നുണ്ട്.
Post a Comment