(www.kl14onlinenews.com)
(19-Sep -2024)
യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി; വിടുതൽ ഹർജി തള്ളി
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി. ഇരുവരുടെയും വിടുതൽ ഹർജി എറണാകുളം സിബിഐ കോടതി തള്ളി. കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. കേസിൽ ഇരുവർക്കും എതിരെ കൊലപാതകം, ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിട്ടുള്ളത്.
2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനത്തിനുനേരെ തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് യൂത്ത് ലീഗ് പ്രവർത്തകർ കല്ലെറിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചെറുകുന്ന് കീഴറയിൽ വച്ച് ഷുക്കൂർ കൊല്ലപ്പെട്ടത്.
വാഹനം ആക്രമിച്ചതിനുശേഷം ജയരാജനെയും രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന ഇവിടെ വച്ച് നടന്നുവെന്നാണ് സിബിഐ കണ്ടെത്തൽ.
പ്രഥമ ദൃഷ്ട്യാ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജനും ടി വി രാജേഷും വിടുതൽ ഹർജി നൽകിയത്. എന്നാൽ ജയരാജന്റെയും ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവർത്തകനായ അരിയില്‍ ഷുക്കൂർ (24) കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ചിരുന്ന കാറിന് നേരെ മുസ്ലീംലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിലുള്ള പക പോക്കാനായി സിപിഎം പ്രവർത്തകർ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം പൊലീസ് എടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിരുന്നു.
ടി വി രാജേഷ്, പി ജയരാജൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നെന്നും ഇക്കാര്യം പൊലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ച് ഷുക്കൂറിന്റെ മാതാവ് നൽകിയ ഹർജിയിൽ കേസിന്റെ തുടരന്വേഷണം ഹൈക്കോടതി സിബിഐക്ക് വിടുകയായിരുന്നു
Post a Comment