'അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി'; പിവി അന്‍വർ എല്‍ഡിഎഫില്‍ നിന്ന് പുറത്ത്; എല്ലാ ബന്ധവും അവസാനിച്ചെന്ന് എംവി ഗോവിന്ദന്‍

(www.kl14onlinenews.com)
(27-Sep -2024)

'അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി'; പിവി അന്‍വർ എല്‍ഡിഎഫില്‍ നിന്ന് പുറത്ത്; എല്ലാ ബന്ധവും അവസാനിച്ചെന്ന് എംവി ഗോവിന്ദന്‍
ന്യൂഡൽഹി: പിവി
അൻവറിനെ തള്ളി സിപിഎം രംഗത്ത്. വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവറിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദൻ നടത്തിയത്. വ്യാഴാഴ്ച അൻവർ വാർത്താസമ്മേളനത്തിലുടെ നടത്തിയ ആരോപണങ്ങൾക്കും സംസ്ഥാന സെക്രട്ടറി മറുപടി നൽകി.

"അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണ്. അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ല"-എംവി ഗോവിന്ദൻ പറഞ്ഞു.

നിലമ്പൂരില്‍ നിന്നുള്ള ഇടതുപക്ഷ എംഎല്‍എല്‍ പിവി അന്‍വറിനെ ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കി. അന്‍വറുമായി എല്‍ഡിഎഫിന് ഇനി ഒരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. ഇടതുമുന്നണിയെയും സിപിഎമ്മിനെയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്‍വര്‍ നടത്തിവരുന്നതെന്നും അന്‍വര്‍ അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു.

അന്‍വറും പാര്‍ട്ടിയുമായുമുള്ള എല്ലാ ബന്ധവും ഇന്നലത്തോടെ അവസാനിച്ചു. താന്‍ എല്‍ഡിഎഫിന്റെ ഭാഗമല്ലെന്നും ഭരണപക്ഷത്തിന്റെ കൂടെ നിയമസഭയില്‍ ഇരിക്കില്ലെന്നും അന്‍വര്‍ തന്നെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. അതിനു മുമ്പോ പിമ്പോ അന്‍വറിനെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചില്ല. ഇപ്പോള്‍ അന്‍വര്‍ പരസ്യമായി ഇക്കാര്യം വ്യക്തമാക്കിയതോടെ അദ്ദേഹവുമായുള്ള എല്ലാ മുന്നണി ബന്ധവും അവസാനിച്ചു''- എംവി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ പരസ്യപോര്‍മുഖം തുറന്ന അന്‍വറിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് വാര്‍ത്താ സമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ ഉന്നയിച്ചത്. അന്‍വറിന്റെ നിലപാട് ഗൂഡ അജന്‍ഡകളുടെ ഭാഗമാണെന്നും അന്‍വര്‍ വെറും അവസരവാദിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലിയായി മാറിയെന്നും പ്രതിപക്ഷത്തിന്റെ കളിപ്പാവയാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്ന അന്‍വറിന് സിപിഎമ്മിനെയും അതിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ചും ഒരു ധാരണയുമില്ലെന്നും വ്യക്തമായതായി ഗോവിന്ദന്‍ പറഞ്ഞു.

സിപിഎമ്മിനെ തകര്‍ക്കാന്‍ കാലങ്ങളായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ പിന്നില്‍ അണിനിരക്കുന്ന ചില മാധ്യമങ്ങളും പ്രചാരണം നടത്തി വരികയാണ്. അത് ഏറ്റുപിടിക്കുന്ന നിലപാടാണ് അന്‍വര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അന്‍വറിന്റെ നിലപാടിനെതിരേ ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണമെന്നും ഗോവിന്ദന്‍ പറഞ്ഞു

"അൻവർ കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരനൊപ്പം ഡിഐസി, പിന്നീട് കോൺഗ്രസിൽ പോയില്ല. തുടർന്ന് പാർട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ പ്രവർത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ ഇതുവരെ അൻവറിന് കഴിഞ്ഞില്ല. വർഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അമർത്യാസെൻ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാർട്ടിയും, സർക്കാരും സ്വീകരിച്ച് പോരുന്നത്. ജനങ്ങളുടെ പരാതിയിൽ എല്ലായ്‌പ്പോഴും സർക്കാർ ഇടപെടുന്നു. ഈ പശ്ചാത്തലത്തിൽ വേണം അൻവറിന്റെ പരാതിയെ കാണാൻ"- എംവി ഗോവിന്ദൻ പറഞ്ഞു.

അൻവർ പരാതി ഉന്നയിച്ച രീതി ശരിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന് കൊടുത്ത പരാതിയുടെ പകർപ്പ് പാർട്ടിക്കും നൽകി. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി. സുജിത്ദാസിനെതിരായ പരാതി ഡിജിപി അന്വേഷിച്ച് നടപടി സ്വീകരിച്ചു. സർക്കാരിന് നൽകിയ പരാതിയായതിനാൽ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാം എന്നായിരുന്നു പാർട്ടി നിലപാട്. ആദ്യ പരാതിയിൽ ശശിക്കെതിരെ പരാമർശമില്ലായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഉൾപ്പെടുത്തി. താൻ നേരിട്ട് അൻവറിനെ വിളിച്ചു. മൂന്നിന് കാണാൻ തീരുമാനിച്ചു. അതിനിടെ അച്ചടക്കം ലംഘിച്ച് വാർത്താ സമ്മേളനം നടത്തി. വാർത്ത സമ്മേളനവും, ആക്ഷേപവും തുടർന്നു. ഇത്തരം നിലപാട് പാടില്ലെന് സന്ദേശം നൽകി പാർട്ടി വാർത്താക്കുറിപ്പ് ഇറക്കി. മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി. അച്ചടക്കം പാലിക്കേണ്ടയാൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്"-എംവി ഗോവിന്ദൻ വ്യക്തമാക്കി.

"മലപ്പുറത്തെ നേതാക്കളാക്കളടക്കം അൻവറിനോട് സംസാരിച്ചു. അൻവറിന്റെ പരാതി കേൾക്കാതിരുന്ന സാഹചര്യം ഉണ്ടായിട്ടില്ല. നല്ല പരിഗണന പാർട്ടി നൽകിയിട്ടുണ്ട്. ഉന്നയിച്ച കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ട് പോകുകയെന്നതായിരുന്നു പാർട്ടി നയം. സർക്കാരും അതേ നയം സ്വീകരിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പാർട്ടി അംഗം പോലും അല്ലാതിരുന്ന അൻവറിന് നല്ല പരിഗണന നൽകി. എന്നാൽ പ്രതിപക്ഷം ഉന്നയിക്കും വിധമുള്ള ആക്ഷേപങ്ങൾ ഉയർത്തി അൻവർ അപമാനം തുടർന്നു. സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ മുൾമുനയിൽ നിർത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തിയെന്നും സംസ്ഥാനത്തെ തകർക്കാൻ നടത്തിയ ശ്രമങ്ങളിൽ കോൺഗ്രസ് ഒരക്ഷരം മിണ്ടിയില്ല"- എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പാര്‍ട്ടിയെ തകര്‍ക്കാന്‍ അന്‍വറിനെ പോലെ പലരും മുമ്പും ശ്രമിച്ചിട്ടുണ്ട്. അതിന് ചില മാധ്യമങ്ങളും കൂട്ടുനിന്നിട്ടുണ്ട്. ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള സിപിഎം മുഖ്യമന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിമാരും ഇത് നേരിട്ടുട്ടള്ളതണ്. എന്നിട്ട് പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും പാര്‍ട്ടി ഇങ്ങനെ തന്നെയുണ്ടാകും. ജനങ്ങളാണ് പാര്‍ട്ടിയുടെ കരുത്ത്''- ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കാന്‍ താന്‍ മാത്രമേയുള്ളു എന്നാണ് അന്‍വര്‍ പറയുന്നത്. എന്നാല്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു തന്നെയാണ് സിപിഎം കേരളത്തില്‍ വളര്‍ന്നത്. ആ പാര്‍ട്ടിയെ തകര്‍ക്കാന്‍ അന്‍വറിനെപ്പോലൊരാള്‍ വിചാരിച്ചാല്‍ നടക്കില്ല. ഇടതുമുന്നണി വിട്ടെന്നാണ് അന്‍വര്‍ ഇപ്പോള്‍ പറയുന്നത്. അദ്ദേഹം അത് പ്രഖ്യാപിച്ച ശേഷമാണ് അന്‍വര്‍ ഇടതുമുന്നണി വിട്ടെന്നു പാര്‍ട്ടി പോലും പറയുന്നത്- ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post