(www.kl14onlinenews.com)
(25-Sep -2024)
ലക്‌നൗ: ലക്‌നൗവിൽ എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി കുഴഞ്ഞു വീണ് മരിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഗോമതി നഗറിലെ വിബൂതി ഖണ്ഡ് ശാഖയിൽ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായി ജോലി ചെയ്തിരുന്ന സദഫ് ഫാത്തിമ (43) ആണ് മരിച്ചത്. ജോലി സമ്മർദമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഓഫിസിലെ കസേരയിൽ ഇരിക്കുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് രംഗത്തെത്തി. ''ബിജെപി സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണം കമ്പനികളുടെ ബിസിനസ് കുറഞ്ഞു. അവരുടെ ബിസിനസ് വളർത്താൻ അവർ ചില ആളുകളെ കൂടുതൽ നേരം ജോലി ചെയ്യിപ്പിക്കുന്നു. പൊതുസമൂഹത്തെ മാനസികമായി തളർത്തുന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകൾ പോലെ തന്നെ ഇത്തരം മരണങ്ങൾക്കും ബിജെപി സർക്കാരും ഉത്തരവാദിയാണ്,'' അഖിലേഷ് എക്സിൽ കുറിച്ചു. ഈ പ്രശ്‌നം മറികടക്കാൻ കമ്പനികളും സർക്കാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തിടെ പൂണെയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യൻ (26) ജോലി സമ്മർദത്തെ തുടർന്ന് മരിച്ചത് വലിയ വാർത്തയായിരുന്നു. അന്നയുടെ മരണത്തിൽ കേന്ദ്രസർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഏണസ്റ്റ് ആന്‍ഡ് യങ് (EY) കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായ കൊച്ചി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജൂലൈ 20 ന് പൂനെയിലെ താമസ സ്ഥലത്തുവച്ച് കുഴഞ്ഞു വീണ് മരിച്ചത്. ജോലിക്ക് കയറി നാലു മാസം തികയുന്നതിനു മുൻപേയായിരുന്നു മരണം. അമിത ജോലി ഭാരത്തെ തുടർന്നാണ് മകൾ മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
Post a Comment