(www.kl14onlinenews.com)
(02-Sep -2024)
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത്. സിനിമാ പ്രവർത്തകരും എഴുത്തുകാരും അഭിഭാഷകരും മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ 72 പേർ ചേർന്നാണ് മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളെ പരാതിപ്പെടാൻ നിർബ്ബന്ധിക്കരുതെന്ന് പൊലീസിനെ ബോധവല്‍ക്കരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
'ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾ നിയമപരമായി മുന്നോട്ട് പോകാൻ നിരവധി കാരണങ്ങളാൽ മടിക്കുന്നു. എന്നാൽ അവരെ കറ്റക്കാരിയാക്കരുതെന്ന് സമൂഹത്തേയും മാദ്ധ്യമങ്ങളേയും ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഈ സാഹചര്യം തുടർന്നാൽ നിയമപരമായി പരാതിപ്പെടാതെ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടു'മെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അഭിനേതാക്കളായ പ്രകാശ് രാജ്, അപർണ സെൻ, സ്വര ഭാസ്‌കർ, ഗായിക ചിന്മയി ശ്രീപാദ, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്, മുതിർന്ന അഭിഭാഷകരായ വൃന്ദ ഗ്രോവർ, ഇന്ദിര ജയ്‌സിങ്, കേരളത്തിൽ നിന്നുള്ള എഴുത്തുകാരായ സാറാ ജോസഫ്, കെ.ആർ. മീര, എൻ.എസ്. മാധവൻ എന്നിവരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
ലൈംഗികാതിക്രമ കേസുകളിൽ, മറ്റെല്ലാത്തിനും ഉപരിയായി അതിജീവതയുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകണം. പരാതിക്കാരെ ഭയപ്പെടുത്തരുതെന്നും പരിഗണനയോടെ പെരുമാറണമെന്നും പൊലീസിനും പ്രത്യേക അന്വേഷണ സംഘത്തിനും നിർദേശം നൽകണം. സ്ത്രീകൾക്ക് അവരുടെ അനുഭവങ്ങൾ അവർ ആഗ്രഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാനുള്ള അവസരം നൽകണം. പൊലീസിൽ പരാതി നൽകുന്നത് എല്ലായ്‌പ്പോഴും കൃത്യമായ പരിഹാരമല്ലെന്നും കത്തിൽ പറയുന്നു
അനുഭവം തുറന്നുപറയുന്ന എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ കൗണ്‍സിലിങ് നൽകണം. കരാറുകളുടെ അഭാവം, വേതനത്തിലെ ലിംഗവിവേചനം, സിനിമാ സെറ്റുകളില്‍ ടോയ്‌ലറ്റ് സൗകര്യത്തിന്റെ പോരായ്മ അടക്കമുള്ള വിഷയങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിന് പുറമെ ഈ മേഖലകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കത്തിൽ ആവശ്യമുണ്ട്.
Post a Comment