(www.kl14onlinenews.com)
(05-Sep -2024)
തിരുവനന്തപുരം: വനം മന്ത്രി എ.കെ.ശശീന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം എൻസിപിയിൽ ശക്തം. ഇതുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. എന്നാൽ, മന്ത്രി സ്ഥാനം എൻസിപിയുടെ ആഭ്യന്തര കാര്യമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാണ് എൻസിപിയുടെ നീക്കം.
മന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്ന പാർട്ടി ആവശ്യത്തോട് ശശീന്ദ്രൻ വഴങ്ങിയിട്ടില്ല. മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിലാണ് ശശീന്ദ്രൻ. ചർച്ചയ്ക്ക് വന്ന പാർട്ടി നേതാക്കളോടും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ കേന്ദ്രനേതാക്കൾ ഇടപെടുമെന്ന സൂചനകളുണ്ട്. മാത്രമല്ല, തോമസ് കെ.തോമസ് നാളെ ശരദ് പവാറിനെ കാണുന്നുണ്ട്.
തോമസ് കെ.തോമസിനെ ഒരു വര്‍ഷത്തേക്കെങ്കിലും മന്ത്രി പദവിയില്‍ നിര്‍ത്തണമെന്നാണ് എൻസിപിയിലെ പല നേതാക്കളും ആവശ്യപ്പെടുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് രംഗത്തെത്തിയിരുന്നു.
എന്നാൽ, പാർട്ടി തയ്യാറായില്ല. രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം കൈമാറാമെന്ന വ്യവസ്ഥ മുന്നോട്ടുവച്ചെങ്കിലും എ.കെ.ശശീന്ദ്രൻ തയ്യാറായിരുന്നില്ല. എന്നാൽ, ഇപ്പോൾ പാർട്ടി നേതാക്കളിൽ പലരും ശശീന്ദ്രൻ മന്ത്രിസ്ഥാനത്തുനിന്നും മാറിനിൽക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
Post a Comment