സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ, ഓണച്ചന്ത ഇന്നു മുതൽ

(www.kl14onlinenews.com)
(05-Sep -2024)

സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ, ഓണച്ചന്ത ഇന്നു മുതൽ
തിരുവനന്തപുരം: ഓണക്കാലത്ത് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ. കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയാക്കി. മട്ട അരി കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില കിലോഗ്രാമിന് 26 രൂപയിൽ നിന്ന് 29 രൂപയായി. തുവര പരിപ്പിന്‍റെ വില 111 രൂപയിൽ നിന്ന് 115 രൂപയായി. പഞ്ചസാര കിലോഗ്രാമിന് 27 ൽനിന്ന് 33 രൂപയായി.

അതേസമയം, ചെറുപയർ, ഉഴുന്ന്, വറ്റൽമുളക് എന്നീ സാധനങ്ങളുടെ വില കുറച്ചിട്ടുണ്ട്. ചെറുപയർ 93-ൽനിന്ന് 90 ആയും ഉഴുന്ന് 95-ൽനിന്ന് 90 ആയും വറ്റൽമുളക് 82-ൽനിന്ന് 78 ആയും കുറച്ചു. വില വർധനവ് നിലവിൽ വന്നിട്ടില്ല. വില മാറ്റത്തിന് ഭക്ഷ്യ വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട്.

പൊതുവിപണിയിൽ വില കൂടിയ സാഹചര്യത്തിലാണ് വില വർധിപ്പിച്ചതെന്നാണ് സപ്ലൈകോയുടെ വിശദീകരണം. അതേസമയം, സപ്ലൈകോയുടെ ഓണച്ചന്തകൾക്ക് ഇന്നു തുടക്കമാകും. സെപ്റ്റംബർ 5 മുതൽ 14 വരെയാണ് ഓണച്ചന്തകൾ. ജില്ലാതല ചന്തകൾ നാളെ മുതൽ 14 വരെയാണ്.

13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമേ ശബരി ഉൽപന്നങ്ങളും എഫ്എംസിജി, മിൽമ, കൈത്തറി എന്നിവയുടെ ഉൽപന്നങ്ങളും പഴം, ജൈവ പച്ചക്കറികൾ എന്നിവയും 10 മുതൽ 50% വരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാൻഡുകളുടെ ഇരുനൂറിലധികം നിത്യോപയോഗ സാധനങ്ങൾക്കും മേളയിൽ വിലക്കുറവുണ്ടാകും

Post a Comment

Previous Post Next Post