(www.kl14onlinenews.com)
(09-Sep -2024)
അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ മാത്രം 1577 ജനപ്രതിനിധികൾ പുതുതായി കടന്നുവരും. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിനു മുന്നോടിയായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ പുതിയ വാർഡുകളുടെയും ഡിവിഷന്റെയും എണ്ണം നിശ്ചയിച്ചു സർക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങിയപ്പോഴാണ് 1577 പുതിയ ജനപ്രതിനിധികൾക്കു കളമൊരുക്കി എണ്ണം വർധിപ്പിച്ചത്.
ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലായി 1375 വാർഡുകൾ കൂടി രൂപപ്പെടും. ആകെ 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയി ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 എണ്ണമായി വർദ്ധിക്കും. വിവിധ ജില്ലാ പഞ്ചായത്തുകളിൽ 15 ഡിവിഷനുകളും കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളിൽ ഓരോ ഡിവിഷനുമാണു വർധിക്കുക. തദ്ദേശവകുപ്പ് ഡയറ്കടർ (റൂറൽ) ആണു വർധിപ്പിക്കേണ്ട വാർഡുകളുടെ എണ്ണവും അവയിൽ വനിത, പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകൾ എത്രയെന്നും നിശ്ചയിച്ചു വിജ്ഞാപനം ഇറക്കിയത്. ഇനി നഗരസഭകളുടെയും കോർപറേഷനുകളുടെയും വാർഡ് നിർണയ വിജ്ഞാപനം കൂടി പുറത്തിറങ്ങാനുണ്ട്. 2011ലെ സെൻസസിനെ അടിസ്ഥാനമാക്കി ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു വാർഡ് പുനർവിഭജനം.
ഇനി സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ള, വാർഡ് വിഭജനത്തിനായുള്ള ഡീലിമിറ്റേഷൻ കമ്മിഷൻ അതിന്റെ നടപടികളിലേക്കു കടക്കും. സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയതിനാൽ ഇനി ജില്ലാ കലക്ടർമാരുടെ യോഗം കമ്മിഷൻ വിളിച്ചുകൂട്ടി വാർഡ് വിഭജന നടപടികളിലേക്കു നീങ്ങും. വാർഡ് വിഭജനത്തിനായി പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പ്രത്യേക മാർഗനിർദേശങ്ങളും കമ്മിഷൻ പുറപ്പെടുവിക്കും. വനിത, പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളുടെ എണ്ണവും സർക്കാർ മുൻകൂട്ടി നിശ്ചയിച്ച് കമ്മിഷനു നൽകും. 4 മുതൽ 6 മാസം കൊണ്ടു വിഭജന നടപടികൾ പൂർത്തിയാക്കും
2015ൽ ഭാഗികമായ പുനർനിർണ്ണയം നടന്നിരുന്നു.69 ഗ്രാമപ്പഞ്ചായത്തും 32 മുനിസിപ്പാലിറ്റിയും കണ്ണൂർ കോർപ്പറേഷനും പുതുതായി രൂപവത്കരിച്ചു. എന്നാൽ ഗ്രാമപ്പഞ്ചായത്തുകളുടെയും നാലു മുനിസിപ്പാലിറ്റിയുടെയും രൂപവത്കരണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബാക്കി തദ്ദേശസ്ഥാപനങ്ങളിൽ 2001-ലെ സെൻസസ് പ്രകാരമുള്ള വാർഡുകളാണ് ഇപ്പോഴുള്ളത്. സമീപകാലത്തെ വാർഡ് വിഭജനനടപടികൾ പലതും രാഷ്ട്രീയവിവാദമായിരുന്നു. കൂടിയാലോചന ഇല്ലാത്ത തീരുമാനമെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്.
ജനസംഖ്യ, ഭൂപ്രകൃതി തുടങ്ങിയവ പരിഗണിച്ച് വിഭജിക്കുമ്പോൾ ഏറക്കുറെ എല്ലാവാർഡുകളുടെയും അതിർത്തിയിൽ മാറ്റമുണ്ടാകും. ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ നഗരസഭയിൽ വിഭജനം പിന്നീട് നടക്കും. ബാക്കി 1119 തദ്ദേശസ്ഥാപനങ്ങളിലെ 21,865 വാർഡുകളിലായിരിക്കും പുനഃക്രമീകരണം. 2025 നവംബർ അവസാനമോ ഡിസംബർ ആദ്യമോ തിരഞ്ഞെടുപ്പ് നടക്കും
Post a Comment