ധനസഹായമില്ല; കായിക താരത്തോട് അവഗണന
കോഴിക്കോട്: പഞ്ചഗുസ്തി മത്സരത്തിനിടെ കൈയുടെ എല്ലുപൊട്ടിയ കായിക താരത്തോട് അവഗണന. കോഴിക്കോട് സ്വദേശിനിയായ ദിയ അഷറഫിനാണ് സർക്കാരിന്റെ അവഗണന നേരിടേണ്ടിവന്നിരിക്കുന്നത്.രണ്ട് വർഷം മുൻപ് കോഴിക്കോട് കുന്നമംഗലം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരളോത്സവം പരിപാടിക്കിടെയായിരുന്നു ദിയയുടെ വലത് കൈയുടെ എല്ല് പൊട്ടിയത്. ഇതിന് ശേഷം ദിയക്ക് സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് ലഭ്യമാക്കാനുള്ള നടപടിയുണ്ടായില്ല.
കോളേജ് വിദ്യാർത്ഥിനിയായ ദിയ അഷറഫ് മൗണ്ടൻ സൈക്കിളിംഗ്, ട്രാക്ക് സൈക്കിളിംഗ് അടക്കം സംസ്ഥാന തലത്തിൽ മത്സരിച്ചിട്ടുള്ള ആളാണ്. കുന്നമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം പരിപാടിയിൽ പഞ്ചഗുസ്തി മത്സരത്തിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടായിരുന്നില്ലെന്ന് ദിയ പറയുന്നു. അവിടെയുണ്ടായിരുന്ന ആളുകളെ മത്സരത്തിൽ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും ദിയ പറഞ്ഞു. ദിയക്കൊപ്പം മത്സരിച്ചത് ദിയയേക്കാൾ പ്രായവും ഭാരവും കൂടിയ സ്ത്രീയായിരുന്നു. മത്സരത്തിനിടെ ദിയയുടെ വലതു കൈയുടെ എല്ല് പൊട്ടി നീങ്ങുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു.
അപകടത്തിന് ശേഷം ദിയയ്ക്ക് കൈയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ആറ് മാസത്തിന് ശേഷമാണ് കൈ അനക്കാൻ സാധിച്ചത്. സഹായം തേടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ബാക്കി. ഒടുവിൽ വിഷയം അദാലത്തിലെത്തി. ദിയക്ക് സഹായദനമായി രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. എന്നാൽ തുക ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
സൈന്യത്തിൽ ചേരുക എന്നതായിരുന്നു തന്റെ സ്വപ്‌നമെന്ന് ദിയ പറയുന്നു. അപകടം സംഭവിച്ചതോടെ ആ സ്വപ്‌നം പൊലിഞ്ഞു. ചികിത്സയ്ക്കും മറ്റുമായി വലിയ തുക വേണ്ടിവന്നു. കൈയ്ക്ക് ഇപ്പോഴും സ്വാധീനക്കുറവുണ്ട്. അതിന് ശേഷം കായിക പരിപാടികളിലൊന്നും പങ്കെടുക്കാൻ സാധിച്ചിട്ടില്ല. കുടുംബം നോക്കേണ്ട ഉത്തരവാദിത്തം കൂടി തനിക്കുണ്ട്. രണ്ട് ലക്ഷം രൂപ ലഭിച്ചതുകൊണ്ടുമാത്രമായില്ല. ഇനിയും മുന്നോട്ടു പോകണം. ജോലി നൽകി സഹായിക്കാൻ സർക്കാർ മനസുകാണിക്കണമെന്നും ദിയ പറഞ്ഞു.
Post a Comment