അർജുന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് കർണാടക; മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

(www.kl14onlinenews.com)
(27-Sep -2024)

അർജുന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് കർണാടക; മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. 5 ലക്ഷം രൂപ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ആശ്വാസ ധനം നല്‍കുമെന്നാണ് പ്രഖ്യാപനം. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. വീട് വരെ കര്‍ണാടക പൊലീസ് ആംബുലന്‍സിനെ അനുഗമിക്കും. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ചു മിനിറ്റ് നിര്‍ത്തിയിടും.

ലോറി അര്‍ജുന്റേത് തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍, കുട്ടിയ്ക്കായി വാങ്ങിയ കളിപ്പാട്ടവും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ അഴുകിയതായതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.

അര്‍ജുന്റെ രണ്ടു മൊബൈല്‍ ഫോണുകളും ലോറിയിൽ നിന്നും കണ്ടെടുത്തു. ഒരു ഫോണ്‍ കാബിനിലും ഒരെണ്ണം ബാഗിലുമായിരുന്നു. കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍ തുടങ്ങിയവയും ചളിയില്‍ പുരണ്ട നിലയില്‍ അര്‍ജുന്റെ വസ്ത്രങ്ങളും കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളും സീറ്റിന്റെ കാബിന് പിന്നില്‍ നിന്നും കണ്ടെടുത്തു

മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക. അതേസമയം അർജുന് അന്ത്യയാത്ര നൽകാനുള്ള ഒരുക്കത്തിലാണ് നാട്. വീട്ടു വളപ്പിൽ തന്നെയാണ് അർജുന് വേണ്ടി ചിതയൊരുങ്ങുന്നത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.

അനുഗമിച്ച് കർണാടക സർക്കാർ പ്രതിനിധികൾ

കാർവാർ എംഎൽഎ സതീശ് കൃഷ്ണ സെയിൽ ഉൾപ്പടെയുള്ളവർ അർജുന്റെ മൃതദേഹത്തെ അനുഗമിച്ച് കോഴിക്കോടെത്തും. കർണാടക സർക്കാരിന്റെ പ്രതിനിധിയായാണ് സതീശ് കൃഷ്ണ സെയിൽ മൃതദേഹത്തെ അനുഗമിക്കുന്നത്. ഇതിന് പുറമേ കർണാടക പോലീസും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ആംബൂലൻസ് അഞ്ചുമിനിട്ട് നിർത്തുമെന്നും കാർവാർ എംഎൽഎ അറിയിച്ചു. കർണാടക സർക്കാർ അടിയന്ത സഹായധനമായി അർജുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ആറുമണിയോടെ അർജുന്റെ മൃതദേഹം കോഴിക്കോട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്നുള്ള എകെഎം അഷ്‌റഫ് എംഎൽഎയും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

Post a Comment

أحدث أقدم