(www.kl14onlinenews.com)
(21-Sep -2024)
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പുരോഗതി. നദിയിൽനിന്ന് ലോറിയുടെ ടയർ കണ്ടെത്തി. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ പുഴയിലിറങ്ങി നടത്തിയ തിരച്ചിലിലാണ് ടയർ കണ്ടെത്തിയത്. അർജുന്റെ ലോറിയുടെ ടയറാണോ ലഭിച്ചതെന്നതിൽ വ്യക്തതയില്ല. മുമ്പ് മാൽപെയുടെ തിരച്ചിലിൽ തടിക്കഷ്ണം കണ്ടെത്തിയിരുന്നു.
ഗംഗാവലി പുഴയിൽ 15 അടി താഴ്ചയിൽ ഒരു ലോറി തലകീഴായി നിൽക്കുന്ന രീതിയിൽ കണ്ടെന്ന് മാൽപെ അറിയിച്ചതായാണ് വിവരം. മണ്ണിടിച്ചിലിൽ ഒലിച്ചുപോയ ചായക്കടയുടെ സമീപത്തായുള്ള പ്രദേശത്താണ് ലോറി കണ്ടിരിക്കുന്നത്. ക്യമാറയുമായി വീണ്ടും മാൽപെ പുഴയിലേക്കിറങ്ങിയിരിക്കുകയാണ്.
ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് 15 മിനിറ്റോളം പുഴയിൽനിന്ന് മണ്ണ് നീക്കംചെയ്തു. ലോറിയുടെ ഒരു ലോഹഭാഗം തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ഐബോഡ് ഡ്രോണിന്റെ സിഗ്നൽ ലഭിച്ച ഭാഗത്താണ് തിരച്ചിൽ നടത്തുന്നത്. മൂന്നുദിവസത്തെ കരാറാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജർ കമ്പനിയുടെ എം.ഡി. മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്. അർജുനുൾപ്പെടെ ദുരന്തത്തിൽപ്പെട്ട രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാൻ കഴിയാത്തതിനാൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജർ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാൽ ആര് പണംമുടക്കും എന്നതായിരുന്നു പ്രശ്നം.പിന്നീട് കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കർണാടക സർക്കാർ വഹിക്കും
Post a Comment