മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് അൻവർ

(www.kl14onlinenews.com)
(21-Sep -2024)

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് അൻവർ
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി വി ശശിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണാൻ പി വി അൻവർ എംഎൽഎ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ടെന്നും അൻവർ വ്യക്തമാക്കി

പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ആരോപണം ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ല. അന്‍വര്‍ വന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിന് പിന്നാലെയാണ് അൻവർ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരിക്കുന്നത്.

പി ശശിക്കെതിരെ പരാതിയുണ്ടായിരുന്നെങ്കില്‍ അന്‍വര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയ്ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ അങ്ങനെയാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിലല്ല കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ് അന്‍വര്‍. അതുകൊണ്ടാണല്ലോ ഇടതുപക്ഷ എംഎല്‍എ എന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയാണ് നിയോഗിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നു. അന്‍വറിന് അങ്ങനെയൊരു പരാതിയുണ്ടായിരുന്നെങ്കില്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തണമായിരുന്നു. അതിന് ശേഷം മാത്രം പരസ്യനിലപാടിലേക്ക് പോകണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post