വിവാഹത്തിന് നാലു ദിവസം മുമ്പ് കാണാതായ വിഷ്‌ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി

(www.kl14onlinenews.com)
(10-Sep -2024)

വിവാഹത്തിന് നാലു ദിവസം മുമ്പ് കാണാതായ വിഷ്‌ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി. വിഷ്ണുവിനെ കണ്ടെത്തിയെന്നും പൊലീസിനൊപ്പം ഉണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മലപ്പുറം എസ്‌പി എസ്.ശശിധരൻ അറിയിച്ചു. വിവാഹത്തിന് നാലു ദിവസം മുൻപാണ് മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കാണാതായത്.

ഊട്ടിയിലെ കൂനൂരില്‍വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായതാണ് പൊലീസിന് സഹായകമായത്. മൊബൈലിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. സെപ്റ്റംബര്‍ നാലിന് രാത്രി 7.45-ന് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ വിഷ്ണുജിത്ത് കയറുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഇതനുസരിച്ച് കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

സെപ്റ്റംബർ എട്ടാം തീയതിയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. സെപ്റ്റംബർ നാലാം തീയതിയാണ് വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും വീട്ടുകാരോട് പറഞ്ഞാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. നാലാം തീയതി രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്.

Post a Comment

Previous Post Next Post