(www.kl14onlinenews.com)
(10-Sep -2024)
ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാൻ നിർദേശം. വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു. സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തൽ.
ഇന്നലെയാണ് രാജ്യത്ത് എംപോക്സ് രോഗബാധ സ്ഥിരീകരിച്ചത്. എംപോക്സ് വ്യാപനമുള്ള രാജ്യത്തുനിന്ന് രോഗലക്ഷണങ്ങളോടെ ഇന്ത്യയിലെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വൈറസിന്റെ വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് 2 വകഭേദമാണ് കണ്ടെത്തിയത്. ഡൽഹിയിലെ സഫ്ദർജംങ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്.
2022 ലും ഇതേ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. അന്ന് 30 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാർച്ചിലാണ് അവസാനമായി ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. രോഗം അതിതീവ്രമായി വ്യാപിക്കാൻ തുടങ്ങിയതോടെയാണ് ഓഗസ്റ്റ് 14നാണ് ലോകാരോഗ്യ സംഘടന വീണ്ടും ആഗോള തലത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.
ചുമ, ഇന്‍ഫ്ലുവന്‍സ തുടങ്ങി കോവിഡിനു സമാനമായ ലക്ഷണങ്ങളുള്ള വൈറല്‍ അണുബാധയാണ് മങ്കി പോക്‌സ് എന്നും എംപോക്‌സ് എന്നും അറിയപ്പെടുന്ന വൈറസ് രോഗം. ഈ രോഗം ബാധിച്ചു കഴിഞ്ഞാൽ കൈപ്പത്തിയിലും കാലുകളിലും ശരീരത്തിന്റെ പുറംഭാഗങ്ങളിലുമെല്ലാം ചിക്കൻപോക്സിനു സമാനമായ ദ്രാവകവും പഴുപ്പും ഉണ്ടാകും. പനിയും പേശീവേദനയും അമിതമായ ക്ഷീണവുമാണ് മറ്റ് രോഗ ലക്ഷണങ്ങള്‍. നിലവില്‍ രോഗത്തിന് വാക്‌സിന്‍ ലഭ്യമാണ്.
Post a Comment