ബാഹ്യ ഇടപെടലുകളില്ല, കമ്മിഷണർക്ക് വീഴ്ച; പൂരം കലക്കലിൽ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി

(www.kl14onlinenews.com)
(22-Sep -2024)

ബാഹ്യ ഇടപെടലുകളില്ല, കമ്മിഷണർക്ക് വീഴ്ച; പൂരം കലക്കലിൽ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി
കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ബാഹ്യ ഇടപെടലോ അട്ടിമറിയോ ഉണ്ടായിട്ടില്ലെന്നും, ഏകോപനത്തിൽ കമ്മിഷണർക്ക് വീഴ്ച പറ്റിയെന്നും എഡിജിപി എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ട്. ഡിജിപിക്കു മുന്നിൽ സമർപ്പിച്ച റിപ്പോർട്ട് ഇന്നു മുഖ്യമന്ത്രിക്കു കൈമാറും.

പൂരം അലങ്കോലുപ്പെടുത്തിയതിനു പിന്നിൽ ബാഹ്യ ഇടപെടലുകളില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായാണ് വിവരം. സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റെ ഭാഗത്തു നിന്ന് ഏകോപനത്തില്‍ വീഴ്ചയുണ്ടായെന്നും, സാഹചര്യം ശാന്തമാക്കാൻ കമ്മീഷണർക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ദേവസ്വങ്ങൾക്കെതിരെയും എഡിജിപി സമർപ്പിച്ച് 1,300 പേജുള്ള റിപ്പോര്‍ട്ടിൽ പരാമർശമുണ്ട്. പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങൾ സമ്മതിച്ചില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കോടതി നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ശ്രമിച്ചതും പൂരം അലങ്കോലപ്പെടുന്നതിലേക്ക് നയിച്ചു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് പ്രശ്നങ്ങൾക്ക് കാരണമായെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പൂരം കലക്കിയ സംഭവത്തിൽ ചൊവ്വാഴ്ചയ്ക്കു മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഏറെ വിവാദങ്ങൾക്കു വഴിവച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് അഞ്ചു മാസത്തിനു ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.

അതേസമയം, ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപി എം.ആര്‍. അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കില്ലെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ വ്യക്തമാക്കി. അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Post a Comment

أحدث أقدم