ഹേമ കമ്മറ്റി മോഡൽ; കന്നഡ സിനിമയിലും ആവശ്യം; സഞ്ജന ഗൽറാണി മുഖ്യമന്ത്രിയെ കണ്ടു

(www.kl14onlinenews.com)
(06-Sep -2024)

ഹേമ കമ്മറ്റി മോഡൽ; കന്നഡ സിനിമയിലും ആവശ്യം; സഞ്ജന ഗൽറാണി മുഖ്യമന്ത്രിയെ കണ്ടു
ബെംഗളൂരു: മലയാളം സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റി രൂപീകരിക്കണമെന്ന് കർണാടകയിലെ സിനിമ സംഘടനയായ 'ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാലിറ്റി' കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സിനിമയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി നടി സഞ്ജന ഗൽറാണി മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചു.

കന്നഡ സിനിമ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംഘടന രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം നടി മുഖ്യമന്ത്രിക്ക് നൽകി. സാൻഡൽവുഡ് വുമൺ ആർട്ടിസ്റ്റ് അസോസിയേഷൻ എന്ന പേരിൽ ഒരു സിനിമ സംഘടന രൂപീകരിക്കണമെന്നും നടി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിക്ക് നൽകിയ നിർദ്ദേശങ്ങളടങ്ങിയ കത്ത് നടി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

കന്നഡ സിനിമയിലെ മുൻനിര നടന്മാർ, സംവിധായകർ, നിർമ്മാതാക്കൾ, ചലച്ചിത്ര നിരൂപകർ, എഴുത്തുകാർ, പത്രപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുൾപ്പെടെ 153 പേർ ഒപ്പിട്ട ഭീമഹർജി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ചലച്ചിത്ര മേഖലയിൽ ഉയർന്നുവന്ന സമാന ആരോപണങ്ങൾ സർക്കാർ കമ്മിറ്റിയെവച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.

സുപ്രീംകോടതയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിലാകണം അന്വേഷണം എന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി, മൂന്നു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും, കാലതാമസം കൂടാതെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും സംഘടന സർക്കാരിനോട് അഭ്യർത്ഥിച്ചു.

സുദീപ്, ശ്രുതി ഹരിഹരൻ, കിഷോർ, ദിവ്യ സ്പന്ദന, അനിദ്രിത റേ, ദിഗന്ത് തുടങ്ങി കന്നഡ സിനിമയിലെ പ്രശസ്ത താരങ്ങളും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. സിനിമയിലെയും വിനോദ വ്യവസായത്തിലെയും അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടി 2028ലാണ് ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാലിറ്റി ആരംഭിച്ചത്.

Post a Comment

Previous Post Next Post