(www.kl14onlinenews.com)
(19-Sep -2024)
കാസർകോട് : കാസർകോട്– കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ചന്ദ്രഗിരി ജംക‍്ഷൻ(പഴയ പ്രസ്ക്ലബ് ജംക്‌ഷൻ) മുതൽ ചന്ദ്രഗിരി പാലം വരെ റോഡ് അറ്റകുറ്റപ്പണിക്കായി നാളെ രാവിലെ 6 മുതൽ മുതൽ അടച്ചിടും. 10 ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. ഇതോടെ ഇതുവഴിയുള്ള ചരക്കു വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ചെർക്കള വഴിയുള്ള ദേശീയപാതയിലൂടെയോ മറ്റ് പാതകളിലൂടെയോ പോകണം.
കെഎസ്ആർടിസി ഉൾപ്പെടെ ചന്ദ്രഗിരിപ്പാലം വഴി പോകുന്ന ബസുകൾ ചെമ്മനാട് നിന്ന് സർവീസ് തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന രീതിയിലുള്ള സംവിധാനം ഏർപ്പെടുത്താനാണ് ആലോചിക്കുന്നതെന്നും ഇന്നു സാധാരണ പോലെയുള്ള സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി
റോഡ് മൊത്തം തകർന്നിരിക്കുന്ന പുലിക്കുന്ന് ജംക‍്ഷനിൽ 45 മീറ്റർ ഇന്റർലോക്ക് ചെയ്യുന്ന പണിയാണ് നടക്കുന്നത്. ഇതിനായി 25 ലക്ഷം രൂപ അനുവദിച്ചു.
നിലവിൽ ഇന്റർലോക്ക് ചെയ്തിരിക്കുന്നതിന്റെ ഇരു ഭാഗങ്ങളിലുമായി പണി നടത്തും. ഇന്റർലോക്ക് പണിക്കു പുറമേ മഴയിൽ ശക്തമായ ഉറവ ഉണ്ടാകുന്നതിനാൽ വെള്ളം ഒഴുകി പോകുന്നതിനുള്ള പ്രത്യേക സംവിധാനവും ഒരുക്കുന്നുണ്ട്. ചന്ദ്രഗിരി ജംക‍്ഷൻ മുതൽ ഉദുമ നമ്പ്യാർ കീച്ചൽ വരെ തകർന്ന റോഡുകളുടെ നവീകരണത്തിനായി 2 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് ജില്ലാ അധികൃതർ സമർപ്പിച്ചത്. ഇതിൽ കൂടുതലായി തകർന്ന ഭാഗം നന്നാക്കാൻ മാത്രമാണ് 25 ലക്ഷംരൂപ അനുവദിച്ചത്.
ഗതാഗതം പൂർണമായി നിരോധിച്ചാൽ മാത്രമേ പണി ചെയ്യാൻ പറ്റൂ. നിശ്ചിത ദിവസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കി റോഡ് തുറന്നു കൊടുക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.
Post a Comment