(www.kl14onlinenews.com)
(18-Sep -2024)
ഡൽഹി: ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട പോളിങ് ആരംഭിച്ചു. ഒരു ദശാബ്ദത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ 24 മണ്ഡലങ്ങളാണ് ബൂത്തിലേക്കെത്തുന്നത്. കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളും, ജമ്മു മേഖലയിൽ 8 മണ്ഡലങ്ങളിലുമാണ് വിധിയെഴുതുന്നത്. പോളിങ് ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. വിവിധ പാർട്ടികളിൽ നിന്നായി 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കോൺഗ്രസ് മുൻ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ (കശ്മീർ) തുടങ്ങിയവരാണ് ആദ്യ ഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർഥികൾ.
23. 27 ലക്ഷം വോട്ടർമാർ ആദ്യ ഘട്ടം പോളിംഗ് ബൂത്തിലെത്തും. ഇതിൽ 11.76 ലക്ഷം പുരുഷൻമാരും, 11.51 ലക്ഷം സ്ത്രീകളുമാണ്. 2014നെ അപേക്ഷിച്ച് പൊളിങിൽ കാര്യമായ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. 61.21 ശതമാനമായിരുന്നു 2014ലെ പൊളിങ്. പ്രമുഖർ കളത്തിലറങ്ങുന്ന അനന്ത് നാഗ്, ശ്രീഗുഫ്വാര-ബിജ്ബെഹര, പുൽവാമ, ബനിഹാൽ, രാജ്പോര മണ്ഡലങ്ങളിൽ മത്സരം കനക്കും.
കശ്മീരിൽ മുഖ്യധാരാ പ്രാദേശിക പാർട്ടികളായ നാഷണൽ കോൺഫറൻസും (എൻസി) പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) തമ്മിലാണ് മത്സരം. അതേസമയം, ജമ്മുവിൽ ഇരുപാട്ടികളുടെയും രണ്ടു പ്രമുഖ കക്ഷികളായ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം
Post a Comment