ത്രിവര്‍ണ പ്രഭയില്‍ രാജ്യം; സ്വാതന്ത്ര്യ സ്മൃതികള്‍ക്ക് 78 വര്‍ഷം

(www.kl14onlinenews.com)
(15-August -2024)

ത്രിവര്‍ണ പ്രഭയില്‍ രാജ്യം; സ്വാതന്ത്ര്യ സ്മൃതികള്‍ക്ക് 78 വര്‍ഷം
ലോകം ഉറങ്ങികിടക്കുന്ന ഈ അര്‍ദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്,'സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വാക്കുകളില്‍ നിഴലിച്ചത് ഒരു രാജ്യത്തിന്റെ മുഴുവന്‍ ആഹ്ലാദവും പോരാട്ടവീര്യവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിന്റെ ചങ്ങലകള്‍ പൊട്ടിച്ച് 1947 ആഗസ്റ്റ് 15ന് രാജ്യം പുതിയ അധ്യായമാണ് കുറിച്ചത്.

ഈ ചരിത്രപരമായ സന്ദര്‍ഭത്തെ അടയാളപ്പെടുത്തിയാണ് ഇത്തവണ നാം 78-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വതന്ത്ര ഭാരതത്തിനായി ജീവന്‍ ബലികഴിപ്പിച്ച ധീരയോദ്ധാക്കളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനുമാണ് ഈ ദിനം വിപുലമായി പരിപാടികളോടെ കൊണ്ടാടുന്നത്.

രാജ്യം ഒന്നാമതെന്ന് മുദ്രാവാക്യം ഓരോ പൗരനും ഉയർത്തണമെന്ന് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്രസമര സേനാനികളെ അനുസ്മരിച്ച് തുടങ്ങിയ പ്രസംഗത്തിൽ രാജ്യത്തെ പൊതുവായ എല്ലാ വിഷയങ്ങളും പ്രതിപാദിച്ചതിനൊപ്പം തന്റെ സർക്കാരിന്റെ വികസനനേട്ടങ്ങൾ അദ്ദേഹം എടുത്തുകാട്ടി.

ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണിതെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ മുന്നേറ്റം കൃത്യമായ ദിശയിലാണെന്ന് വ്യക്തമാക്കി.വിദ്യാഭ്യാസ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് 75000 സീറ്റുകൾ കൂടി വർധിപ്പിച്ചു. കർഷകരുടെ മക്കൾക്കായി സ്മാർട്ട് സ്‌കൂളുകൾ യാഥാർത്ഥ്യമാക്കി.സർവ്വമേഖലകളിലും രാജ്യം വികസനത്തിന്റെ പാതയിലാണ്. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ വികസനം എത്തിക്കാൻ കഴിഞ്ഞു. രാജ്യത്തെ രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു.ജലജീവൻ മിഷനിൽ 15 കോടി ഉപഭോക്താക്കൾ ഇന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇത്തരത്തിലുള്ള അതിവേഗ വളർച്ചയാണ് യുവതയ്ക്ക് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു

കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ ഇടപെടൽ ഉണ്ടായി.ബഹിരാകാശ രംഗത്ത് കൂടുതൽ സ്റ്റാർട്ട് അപ്പുകൾ വരും.ഉത്പാദന മേഖലയുടെ ഹബായി ഇന്ത്യ മാറി. 2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കും. വികസിത ഭാരതം അകലെയല്ല. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ നിരവധി പേരുടെ പ്രയ്തനമാണ് നടക്കുന്നത്. ഓരോ പൗരന്റെ സ്വപ്‌നങ്ങളും ആ നേട്ടത്തിൽ പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ചു

പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു. രാജ്യം അവരുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചുവരികയാണ്.നിരവധി ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടങ്ങളുണ്ടായി. രാജ്യത്തിനും നഷ്ടം സംഭവിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകണം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾ സ്ത്രീ സുരക്ഷയിൽ കൂടുതൽ ജാഗ്രത പുലർത്തണം. സ്ത്രീകൾക്കെതിരായി അതിക്രമം കാട്ടിയാൽ പിന്നീട് നിലനിൽപില്ലെന്ന് ക്രിമിനലുകൾ തിരിച്ചറിയും വിധം നടപടികൾ വേണം. ഇത്തരത്തിലുള്ള ഒരാളെ പോലും വെറുതെ വിടരുത്. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും നുഴഞ്ഞുകയറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

രാജ്യത്ത് മതേതര സിവിൽകോഡ് വേണം

ന്യൂഡൽഹി: രാജ്യത്ത് മതേതര സിവിൽ കോഡ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ സാഹചര്യം പരാമർശിച്ച പ്രധാന മന്ത്രി അവിടുത്തെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതായും പറഞ്ഞു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post