പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വർഷം; ഉരുളെടുത്തത് 70 ജീവനുകൾ 2024

(www.kl14onlinenews.com)
(05-August -2024)

പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വർഷം; ഉരുളെടുത്തത് 70 ജീവനുകൾ
കേരളത്തെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ദുരന്തമായിരുന്നു ഇടുക്കി മൂന്നാറിന് സമീപം പെട്ടിമുടിയില്‍ എഴുപത് പേരുടെ ജീവന്‍ കവര്‍ന്ന ഉരുൾപൊട്ടൽ.

ഒരു തൊഴിലാളി ഗ്രാമത്തെ തന്നെ ഇല്ലാതാക്കിയ ഉരുള്‍പൊട്ടലിൽ ഇന്നും നാലുപേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദുരന്തബാധിതരുടെ പുനരധിവാസവും കുട്ടികളുടെ വിദ്യാഭ്യാസവും അടക്കം എല്ലാം സർക്കാർ പൂർത്തീകരിച്ചു.

നാലുവർഷം പൂർത്തിയാകുമ്പോഴും വലിയ ദുരന്തം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇന്നും ദുരന്തബാധിതർ മുക്തരായിട്ടില്ല

2020 ആഗസ്റ്റ് ആറാം തീയതി രാത്രി പത്തരയോടെയാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മലയടിവാരത്തെ നാല് ലയങ്ങള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. പാതിമണ്ണ് മൂടിയ ലയത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പലരുടേയും പേരുപറഞ്ഞ് വിളിച്ചെങ്കിലും ആരും വിളികേട്ടില്ല. ഇരുട്ടില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ദുരന്തം ബാക്കി വെച്ചവർ ഉറക്കെ നിലവിളിച്ച് നേരം വെളുപ്പിച്ചു.

ഇതിനിടയില്‍ രാജമലയിലെ ഫോറസ്റ്റേഷനില്‍ നടന്നെത്തിയ രണ്ട് പേരാണ് വലിയ ദുരന്തത്തിന്‍റെ വിവരം പുറം ലോകത്തെത്തിച്ചത്. പിന്നീട് യുദ്ധത്തെ നേരിടുന്നതിന് സമാനമായ രക്ഷാ പ്രവര്‍ത്തനം. 11 പേരെ രക്ഷപ്പെടുത്തി. 70 പേര്‍ മരണപ്പെട്ടു. നാലുപേരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

28 ദിവസ്സം നീണ്ട് നിന്ന രക്ഷാ പ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തിന് സമയവും കാലവും ഉണ്ടായിരുന്നില്ല. കിലോമീറ്ററുകള്‍ക്ക് അകലെ നിന്ന് പോലും മൃതദേഹങ്ങള്‍ കണ്ടെത്തി.

വിഷയത്തിൽ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടു. മുഖ്യമന്ത്രി നേരിട്ടെത്തി സ്ഥലം സന്ദർശിച്ചു. പുനരധിവാസം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചു. കുറ്റ്യാർ വാലിയിൽ ആറുമാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കി ദുരന്തബാധിതരെ പുനരധിവസിപ്പിച്ചു.

മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ പഠനം സർക്കാർ ഏറ്റെടുത്തു. പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക മുഴുവനും നൽകി സംസ്ഥാന സർക്കാരും സമൂഹവും പെട്ടിമുടിയിലെ ജനതയെ നെഞ്ചോട് ചേർത്ത് നിർത്തി.

മക്കളും മണ്ണടിഞ്ഞപ്പോൾ വാർദ്ധക്യത്തിൽ അനാഥത്വം പേറേണ്ടി വന്ന മാതാപിതാക്കൾ. അച്ഛനമ്മമാരെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾ. എല്ലാം നഷ്ടപ്പെട്ട് ഒറ്റയ്ക്കായി പോയി ചിലർ.

അവരെല്ലാം ഇന്ന് കേരളത്തിൻറെ കരുതലിൽ ജീവിതം തിരികെ പിടിക്കുമ്പോഴും മണ്ണടിഞ്ഞ ശ്മമശാന ഭൂമിയായി മാറിയ പെട്ടിമുടി ദുരന്തം പെയ്തിറങ്ങിയ കറുത്ത രാത്രിയുടെ ഭീതിതമായ ഓർമ്മയായി ഇവർക്കുള്ളിൽ ഇപ്പോളും ഉണ്ട്

Post a Comment

Previous Post Next Post