(www.kl14onlinenews.com)
(02-August -2024)
കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ-ചൂണ്ടൽമല പ്രദേശങ്ങളിൽ കൂടുതൽ ഊർജ്ജിത തിരച്ചിലുമായി സൈന്യവും സർക്കാരും. വെള്ളിയാഴ്ച മുതൽ തിരച്ചിൽ നടത്തേണ്ട പ്രദേശങ്ങളെ ആറ് സെക്ടറായി തിരിച്ചാകും പരിശോധന. ഓരോ മേഖലയിലും പരിശോധനയ്ക്കായി 40 അംഗ ടീമിനെയാണ് സജ്ജമാക്കിയിരിക്കുന്നത്. അവലോകന യോഗത്തിന് ശേഷം റവന്യു മന്ത്രി കെ.രാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ.മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം,എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്,നാവിക സേന, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുക. പ്രദേശത്തിന്റെ ഘടന, ഭൂമിശാസ്ത്രം എന്നിവ വിവരിക്കാൻ ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
വെള്ളിയാഴ്ച മുതൽ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിൽ തെരച്ചിലും തുടങ്ങും.40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തും. പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും.
ഡ്രോൺ ബേസ്ഡ് റഡാർ പരിശോധന
25 ആംബുലൻസ് ആണ് ബെയ്‌ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്‌നിക് ക്യാംപസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കളക്ടർ പ്രത്യേക പാസ് നൽകും.മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്ഡ് റഡാർ ശനിയാഴ്ച എത്തുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ആറ് നായകളാണ് തെരച്ചിലിൽ സഹായിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും നാലു കഡാവർ നായകൾ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തെരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, കട്ടിങ് മെഷീൻ എന്നിവ ലഭ്യമാക്കും
Post a Comment