(www.kl14onlinenews.com)
(02-August -2024)
വയനാട് ദുരന്തം; 4 കോടി രൂപ സഹായം പ്രഖ്യാപിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ
വയനാട്ടിലെ ജനങ്ങൾക്ക് 4 കോടിരൂപ സഹായവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. കൂടാതെ, വീടുകൾ നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടി രൂപയും ചെലവഴിക്കും.
വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ദുരന്തത്തിലകപ്പെട്ട നിരവധിയാളുകൾ ചികിത്സയിലുണ്ട്. ഇവർക്കെല്ലാം ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും സൗജന്യമായിരിക്കുമെന്ന് ആശുപത്രിയുടെ ചെയർമാനും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. മരിച്ചവരുടെ പോസ്റ്റുമോർട്ടം വേഗത്തിലാക്കുന്നതിനായി ജില്ലാഭരണകൂടത്തിന്റെ ആവശ്യപ്രകാരം മൂന്ന് ഫോറൻസിക് സർജന്മാരെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ വിവിധ ആസ്റ്റർ ആശുപത്രികളായ ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം ചൊവ്വാഴ്ച രാവിലെ തന്നെ ദുരന്തബാധിത മേഖലയിലെത്തി. ഇതിനിടെ ചില ആസ്റ്റർ ജീവനക്കാരെ കാണാതായതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തി വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തത്തിലകപ്പെട്ട ആസ്റ്റർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ വ്യക്തമാക്കി. അടിയന്തരവൈദ്യസഹായത്തിന് വയനാട് ജില്ലയിലുള്ളവർക്ക് 8111881234 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
Post a Comment