(www.kl14onlinenews.com)
(01-August -2024)
മുണ്ടക്കൈയിൽ ശക്തമായ മഴ; ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു,
കൽപ്പറ്റ: രക്ഷാദൗത്യത്തിനിടെ മുണ്ടക്കൈ മേഖലയിൽ വീണ്ടും ശക്തമായ മഴ. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പ്രദേശത്ത് വീണ്ടും ശക്തമായ മഴ തുടങ്ങിയത് ഉരുൾപൊട്ടലിൻറെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയിലാണ് അതിശക്തമായ മഴ പെയ്യുന്നത്. മഴ നിർത്താതെ പെയ്യുന്നതോടെ പ്രദേശത്ത് നിന്ന് രക്ഷാപ്രവർത്തകരെ സുരക്ഷിത ഇടങ്ങളിലേക്ക് തിരിച്ചിറക്കി.
മണിക്കൂറുകൾ പിന്നിട്ടിട്ടും മഴ കുറയാത്തതിനാൽ പ്രദേശത്തെ ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. വീണ്ടും ഉരുൾപൊട്ടലുൾപ്പടെയുള്ള അപകടങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് രക്ഷാദൗത്യം നിർത്തിവെച്ചത്. ചൂരൽമലയിലും കനത്ത മഴ പെയ്യുന്നുണ്ട്. മഴ പെയ്യുന്നത് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിൽ അപകടമേഖലയിൽനിന്ന് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനാണ് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ചൂരൽമലയിൽ സൈന്യം നിർമിക്കുന്ന ബെയിലി പാലം വൈകിട്ടോടെ സജ്ജമാകും.ഇതിനുശേഷം മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്നാണ് പ്രതീക്ഷ. അതിനിടെ, വയനാട്ടിലെ ദുരന്തമേഖലയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടനാടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. 154 മൃതദേങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 256 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ശരീരഭാഗങ്ങളുടെ ജനിതക സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഉരുൾപൊട്ടലിൽ 288 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 79 പേർ പുരുഷൻമാരും 70 പേർ സ്ത്രീകളുമാണ്. 23 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിന്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 94 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശരീര ഭാഗങ്ങൾ ഉൾപ്പെടെ 219 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു.
91 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 221 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 91 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. 130 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടിൽ 86 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്
Post a Comment