(www.kl14onlinenews.com)
(01-August -2024)
'കരൾ പിടഞ്ഞ് കേരളം'
കൽപറ്റ: മുണ്ടക്കൈയിലെ രക്ഷാദൗത്യം മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനോടെ ആരും ബാക്കിയില്ലെന്ന് സൈന്യം അറിയിച്ചു. എല്ലാവരെയും രക്ഷപ്പെടുത്തിയതായും സൈന്യം അറിയിച്ചിട്ടുണ്ട്. എങ്കിലും, ചാലിയാറിലും ചൂരൽമലയിലും അടക്കം തിരച്ചിൽ തുടരുമെന്നും മികച്ച സേവനമാണ് സൈന്യം കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ ജില്ലയിൽ തുടർന്ന് ദൗത്യം ഏകോപിപ്പിക്കുമെന്നും സർവകക്ഷി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ പുനരധിവാസം നല്ല രീതിയിൽ ഉറപ്പാക്കും. തൽക്കാലം ക്യാമ്പുകൾ കുറച്ചു നാളുകൾ കൂടി തുടരും. ക്യാമ്പിൽ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പുനഃസൃഷ്ടിച്ച് നൽകും. ദുരന്തബാധിതർക്ക് കൗൺസിലിങ് നൽകും. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെത്തിയ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിലാണ് സർവകക്ഷിയോഗം ചേർന്നത്. വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു
Post a Comment