തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം; 24കാരിക്ക് രോഗം സ്ഥിരീകരിച്ചു

(www.kl14onlinenews.com)
(12-August -2024)

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം; 24കാരിക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ഇതാദ്യമായാണ് ഒരു സ്ത്രീക്ക് രോഗം സ്ഥിരീകരിക്കുന്നത്. ആറുപേർക്കാണ് തലസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്.

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവ മുൻകരുതലുകളെടുക്കണം. മലിനമായ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളിൽ കുളിക്കുന്നവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടേണ്ടതാണെന്നും മന്ത്രി നിർദേശം നൽകിയിരുന്നു.

കെട്ടിക്കിടക്കുന്ന അല്ലെങ്കില്‍ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.

Post a Comment

Previous Post Next Post