ഛത്രപതി ശിവജി പ്രതിമ തകർന്ന സംഭവം; മാപ്പുപറഞ്ഞ് പ്രധാനമന്ത്രി

(www.kl14onlinenews.com)
(31-August -2024)

ഛത്രപതി ശിവജി പ്രതിമ തകർന്ന സംഭവം; മാപ്പുപറഞ്ഞ് പ്രധാനമന്ത്രി
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ രാജ്‌കോട്ടിൽ സ്ഥാപിച്ച ഛത്രപതി ശിവജി പ്രതിമ തകർന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമാപണം നടത്തി. മറാത്ത ചക്രവർത്തി തനിക്കും സഹപ്രവർത്തകർക്കും വെറുമൊരു രാജാവായിരുന്നില്ലെന്ന്, പാൽഘറിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

'എനിക്കും എൻ്റെ സഹപ്രവർത്തകർക്കും മറ്റെല്ലാവർക്കും ഛത്രപതി ശിവാജി മഹാരാജ് വെറുമൊരു രാജാവ് മാത്രമായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം ഞങ്ങളുടെ ആരാധ്യ ദേവനാണ്. ഛത്രപതി ശിവാജി മഹാരാജിനെ ആരാധിക്കുന്ന എല്ലാവരോടും ഞാൻ ക്ഷമാപണം നടത്തുന്നു. അവരുടെ വികാരങ്ങൾ വ്രണപ്പെട്ടുവെന്ന് എനിക്കറിയാം,' പ്രധാനമന്ത്രി പറഞ്ഞു.

2013ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തന്നെ തീരുമാനിച്ചപ്പോൾ ആദ്യം ചെയ്തത് റായ്ഗഡ് കോട്ട സന്ദർശിക്കുകയും, ഛത്രപതി ശിവാജി മഹാരാജിൻ്റെ പ്രതിമയ്ക്ക് മുന്നിൽ അനുഗ്രഹം തേടുകയുമായിരുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഡിസംബർ നാലിന് നാവികസേനാ ദിനത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 35 അടി ഉയരമുള്ള ശിവജി പ്രതിമയാണ് ഓഗസ്റ്റ് 26ന് തകർന്നു വീണത്. പ്രതിമ തകർന്ന സംഭവത്തിൽ മഹാരാഷ്ട്രയിൽ ഭരണ-പ്രതിപക്ഷ പാർട്ടികൾ തമ്മിൽ തർക്കമുണ്ടായി.

കടൽത്തീരത്തെ കനത്ത കാറ്റാണ് പ്രതിമ തകരാൻ കാരണമെന്നാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറയുന്നത്. അതേസമയം, പ്രതിമ നിർമിച്ചത് സർക്കാരല്ല, നവികസേനയാണെന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാദം.

സംഭവത്തിൽ പ്രതിമ നിർമിച്ച സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിമ നിർമിച്ചതിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post