(www.kl14onlinenews.com)
(31-August -2024)
തിരുവനന്തപുരം:എഡിജിപി എംആർ അജിത്ത് കുമാറിനെതിരായ എസ്പിയുടെ ആരോപണത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ്. പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ടാകും. അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി എംആർ അജിത്ത് കുമാർ കത്ത് നൽകിയേക്കും. പിവി അൻവർ എംഎൽഎയുമായുള്ള എസ്പി സുജിത്ത് കുമാറിൻറെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ എഡിജിപിയെ കാണാൻ ശ്രമിച്ച എസ്പി സുജിത്തിന് അനുമതി നൽകിയിട്ടില്ല. എഡിജിപി എംആർ അജിത്ത് കുമാറിൻറെ ഓഫീസിൽ വെള്ളിയാഴ്ച സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നൽകിയില്ല.
വിവാദ സംഭാഷണത്തിൽ എസ്പി സുജിത്ത് ദാസിനെതിരെ നടപടിക്കാണ് സാധ്യത. പത്തനംതിട്ട എസ്പി സ്ഥാനത്ത് നിന്ന് ഇന്ന് തന്നെ മാറ്റാനും സാധ്യതയുണ്ട്.സംസ്ഥാന സമിതി യോഗത്തിന് ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എഡിജിപി എംആർ അജിത്ത് കുമാർ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും എസ്പിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎയോട് ഗുരുതര ആരോപണങ്ങൾ എസ്പി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു
എഡിജിപി എംആർ അജിത്ത് കുമാറിനും പത്തനംതിട്ട എസ്പി സുജിത്ത് ദാസിനുമെതിരെ നേരത്തെ തന്നെ പിവി അൻവർ എംഎൽഎ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. സുജിത്ത് മലപ്പുറം എസ്പിയായിരുന്നപ്പോഴുണ്ടായ മരം മുറി സംബന്ധിച്ചുള്ള പരാതിയും പിവി അൻവർ നൽകിയിരുന്നു. എഡിജിപി എം.ആർ അജിത്ത് കുമാർ, പത്തനംതിട്ട എസ്.പി സുജിത്ത് ദാസ് എന്നിവർക്കെതിരെ വലിയ സാമ്പത്തിക ആരോപണമാണ് അൻവർ ഉയർത്തിയത്
ഗുരുതര ആരോപണമാണ് പിവി അൻവർ എംഎൽഎ നടത്തിയത്. ഇതിലും വകുപ്പ് തല നടപടിക്ക് സാധ്യതയുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎയുടെ പരസ്യമായ അഴിമതി ആരോപണം സർക്കാരിനെ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വം അൻവറിനെ വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പിവി അൻവർ എംഎൽഎ
Post a Comment