ദുരന്തഭൂമി നടന്നുകണ്ട് നരേന്ദ്രമോദി, ആദ്യമെത്തിയത് വെള്ളാർമല സ്കൂളിൽ; കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി 2024

ദുരന്തഭൂമി നടന്നുകണ്ട് നരേന്ദ്രമോദി,
ആദ്യമെത്തിയത് വെള്ളാർമല സ്കൂളിൽ; കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി

കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന ദുരന്തമേഖലയിൽ നേരിട്ട് സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്കാണ്. സ്കൂൾ റോ‍ഡിന്റെ ഭാ​ഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്കൂൾ കാണണമെന്നായിരുന്നു. സ്കൂളിന്റെ പരിസരത്തെ തകർന്ന വീടുകളും മോദി കണ്ടു.

കുട്ടികൾക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും മോദി ചോദിച്ചു. എത്ര കുട്ടികൾ ദുരന്തത്തിന്റെ ഭാ​ഗമായി എന്നും എത്ര പേർക്ക് രക്ഷപ്പെടാൻ സാധിച്ചുവെന്നും മോദി ചോദിച്ചു മനസ്സിലാക്കി. എഡിജിപി എംആർ അജിത്കുമാറാണ് പ്രധാനമന്ത്രിക്ക് ദുരിതമേഖലയിലെ സാഹചര്യം വിശദീകരിച്ചു നൽകിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയും ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും മോദിക്കൊപ്പമുണ്ടായിരുന്നു.

ബെയിലി പാലം സന്ദര്‍ശിച്ച മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തി. ബെയിലി പാലത്തിലൂടെ നടന്ന് കണ്ട മോദി സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. ഏറെ ദൂരം നടന്നാണ് മോദി ദുരന്തഭൂമിയിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയത്. രക്ഷാപ്രവര്‍ത്തകരോടും മോദി സംസാരിച്ചു. സെന്‍റ് ജോസഫ് സ്കൂളിലെ ക്യാംപാണ് മോദി ഇനി സന്ദര്‍ശിക്കുക. ക്യാംപിലുള്ള 9 പേരുമായി പ്രധാനമന്ത്രി സംസാരിക്കും. ദുരിതബാധിതരെ നേരിട്ട് സന്ദര്‍ശിച്ചതിന് ശേഷം മോദി വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കും.

Post a Comment

Previous Post Next Post