(www.kl14onlinenews.com)
(09-August -2024)
വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ ദുരന്തമേഖലയിൽ തിരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് കലക്ടർ. ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തിരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.
ദുരന്ത മുഖത്ത് തിരച്ചിലിന് ഭാഗമാകുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും പ്രദേശത്ത് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് കലക്ടർ അറിയിച്ചു. ജനകീയ തിരച്ചില്‍ ഞായറാഴ്ച പുനരാരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി വയനാട്ടിൽ എത്തും. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാവിലെ 11.20 ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. അവിടെ നിന്നും ഹെലികോപ്റ്ററിൽ കൽപറ്റയിലേക്ക് പോകും. കൽപറ്റയിൽ അവലോകന യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.
തുടർന്ന് ദുരന്തപ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും. ദുരന്തബാധിതർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും സന്ദർശനം നടത്തും. മൂന്നു മണിക്കൂറോളം പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലയിൽ ചെലവഴിക്കും. അതിനുശേഷം വൈകീട്ട് 3.45ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി, ശനിയാഴ്ച രാവിലെ 10 മണി മുതൽ വയനാട് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ.
ടാക്‌സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 11 മുതൽ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപ്പറ്റ-കൈനാട്ടി ബൈപാസ് ജങ്ഷൻ മുതൽ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ല. കൽപ്പറ്റ ജനമൈത്രി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഗാരേജ് ജങ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ബാധകമാണ്
Post a Comment