ആർക്കും രക്ഷപെടാനാവില്ല; ഉത്തരവാദികളെ ജനം മറുപടി പറയിപ്പിക്കും: ആഷിഖ് അബു

(www.kl14onlinenews.com)
(25-August -2024)

ആർക്കും രക്ഷപെടാനാവില്ല; ഉത്തരവാദികളെ ജനം മറുപടി പറയിപ്പിക്കും: ആഷിഖ് അബു
കൊച്ചി: ഗുരുതര ലൈംഗിക ആരോപണങ്ങളെ തുടർന്ന്, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് സംവിധായകൻ രഞ്ജിത്തും, അമ്മ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖും ഞായറാഴ്ച രാജി വച്ചു. ഇരുവരുടെയും രാജി ആപേക്ഷികമാണെന്നും, രാജി തന്നെയാണ് മാന്യമായ നീക്കമെന്നും സംവിധായകൻ ആഷിഖ് അബു പ്രതികരിച്ചു.

രാജി അനിവാര്യമായി സംഭവിക്കേണ്ട കാര്യമാണ്. ഇവരൊക്കെ ഇത്രയും കാലം ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങൾ പുറത്തുവരുകയാണ്. ഈ സാഹചര്യത്തിൽ സ്വാഭാവികമായി രാജിവയ്ക്കേണ്ടി വരുമെന്ന് ആഷിഖ് അബു പറഞ്ഞു.

'ആർക്കും ഇതിൽ നിന്ന് രക്ഷപെടാനാവില്ല. ഉത്തരവാദികളായ എല്ലാവരെയും കേരള ജനത മറുപടി പറയിപ്പിക്കുമെന്നാണ് കരുതുന്നത്. ഗൗരവത്തൊടെയാണ് ജനം സംഭവങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മാധ്യമങ്ങൾ ഉൾപ്പെടെ സ്ത്രീകൾക്കൊപ്പം ശക്തമായി നിന്നതുകൊണ്ടാണ് ഈ മാറ്റങ്ങൾക്ക് തുടക്കം ഉണ്ടായത്. വർഷങ്ങളായി മലയാളം സിനിമ നിശബ്ദമാണ്. ഇപ്പോഴാണ് കുറച്ചു സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്.

ക്രിമിനലായ സൈക്കോപ്പാത്തുകൾ സിനിമ മേഖലയിലുണ്ട്. അതിന്റെയൊക്കെ ശുദ്ധീകരണം തുടങ്ങിക്കഴിഞ്ഞുവെന്നാണ് മനസിലാക്കുന്നത്. ഇനിയും കൂടുതൽ ഊർജിതമായി ഇതു സംഭവിക്കും,' ആഷിഖ് അബു പറഞ്ഞു. എതിരഭിപ്രായം ഉണ്ടാകുമ്പോൾ അത് ഇടതുപക്ഷത്തിനെതിരാണെന്ന വ്യാഖ്യാനത്തോട് യോജിക്കാനാവില്ലെന്നും ആഷിഖ് വ്യക്തമാക്കി.

സർക്കാരിന്റെ ഭാഗത്തുനിന്ന് ചില നടപടികൾ ഉണ്ടാകുമെന്ന് ഞാൻ അടക്കമുള്ള ഇടതുപക്ഷ അനുഭാവികൾ പ്രതീക്ഷിച്ചിരുന്നു. സർക്കാരിനെ തിരുത്തേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ട്. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി കൂടുതൽ ഉത്തരവാദിത്വമുള്ള നിലയിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്. അത് ഒരിക്കലും ഇടതുപക്ഷത്തിന് എതിരായി കണക്കാക്കേണ്ടതില്ല,' ആഷിഖ് അബു പ്രതികരിച്ചു.

Post a Comment

Previous Post Next Post