ഹേമ കമ്മിറ്റി റിപ്പോർട്ട്, പുറത്ത് വിടാമെന്ന് ഹൈക്കോടതി; നിർമ്മാതാവിൻ്റെ ഹർജി തള്ളി

(www.kl14onlinenews.com)
(13-August -2024)

ഹേമ കമ്മിറ്റി റിപ്പോർട്ട്, പുറത്ത് വിടാമെന്ന് ഹൈക്കോടതി; നിർമ്മാതാവിൻ്റെ ഹർജി തള്ളി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.

വാർത്തയുടെ കൂടുതൽ വിവരങ്ങൾ

ചലച്ചിത്ര മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് . അഞ്ചു വര്‍ഷത്തിന് ശേഷം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുക.

നേരത്തെ, റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് സ്വാഗതം ചെയ്ത് വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (WCC) രംഗത്തെത്തിയിരുന്നു. 2019 മുതല്‍ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചാ വിഷയമാകുമ്പോള്‍, വര്‍ഷങ്ങളായി മുന്നോട്ട് വെച്ച ചില ചോദ്യങ്ങള്‍ വീണ്ടും ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.

കണ്ടെത്തലുകള്‍ പുറത്തു വിടാതെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാം എന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഡബ്ല്യുസിസി പറയുന്നു. സുതാര്യതയോടു കൂടി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ പുറത്തു വരുന്നത് ഉപയോഗപ്രദമായ പരിഹാര നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും പുരോഗമനപരമായ നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. വരും തലമുറകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പ് വരുത്താന്‍ ഉതകുന്ന, ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ച് നടത്തിയ ഒരു സുപ്രധാനമായ പഠനമാണിത്. തുറന്ന് പറച്ചിലുകള്‍ നടത്തിയ അതിജീവിതരെ സംരക്ഷിച്ച് കൊണ്ട് തന്നെ, ആ പഠന റിപ്പോര്‍ട്ടിലുള്ള നിര്‍ദേശങ്ങളും നിലവില്‍ സിനിമ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും നിര്‍ബന്ധമായും പുറത്ത് വരേണ്ടതാണെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.

ഇത് കൂടാതെ സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളും അനീതികളും തുറന്ന് കാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലെയുള്ള പഠനങ്ങള്‍ നടത്തി, ബെസ്റ്റ് പ്രാക്ടീസസ് റെക്കമെന്‍ഡേഷന്‍സ് അടക്കം കളക്ടീവ് ഇതിന് മുന്‍പും സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പിന്തുണച്ച മാധ്യമ സുഹൃത്തുക്കള്‍ക്കും ഡബ്ല്യുസിസി നന്ദി അറിയിച്ചു. നിലനില്‍ക്കുന്ന അനീതികളെ പൊളിച്ചെഴുതി കൂടുതല്‍ ലിംഗ സമത്വമുള്ള തൊഴിലിടങ്ങള്‍ ഉണ്ടാകട്ടെ. വിവരാവകാശ കമ്മീഷന്റെ ഇടപെടലോടു കൂടിയെങ്കിലും അതിജീവിതര്‍ക്ക് നീതി ലഭിക്കുമെന്നും ഭാവിയിലെങ്കിലും നിര്‍ഭയരായി വിവേചനവും വേര്‍തിരിവും ചൂഷണങ്ങളും ഇല്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കുമെന്നും പ്രത്യാശിക്കുന്നുവെന്നും ഡബ്ല്യുസിസി പ്രതികരിച്ചു.

Post a Comment

Previous Post Next Post