(www.kl14onlinenews.com)
(01-August -2024)
ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പ് സംബന്ധിച്ച് കേരളവും കേന്ദ്രവും തമ്മിൽ പഴിചാരുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷവകുപ്പ് മേധാവി മൃത്യുഞ്ജയ് മോഹപത്ര. ഓറഞ്ച് അലർട്ട് ലഭിക്കുമ്പോൾതന്നെ മുന്നൊരുക്കം നടത്തണമെന്നും റെഡ് അലർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ജൂലായ് 25 മുതൽ ഓഗസ്റ്റ് ഒന്നു വരെ പടിഞ്ഞാറൻ തീരത്തും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് ഞങ്ങൾ പ്രവചിച്ചിരുന്നു. ജൂലായ് 25-ന് നൽകിയ യെല്ലോ അലർട്ട് ജൂലായ് 29 വരെ തുടർന്നു. 29-ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ജൂലായ് 30-ന് അതിരാവിലെ 20 സെ.മീറ്റർ വരെ മഴ പ്രതീക്ഷിക്കുന്ന റെഡ് അലർട്ട് നൽകിയതായും കാലാവസ്ഥ നിരീക്ഷ വകുപ്പ് മേധാവി പറഞ്ഞു.
ഓറഞ്ച് അലർട്ട് എന്നാൽ നടപടികൾക്ക് തയ്യാറാകുക എന്നതാണ് അർത്ഥമാക്കുന്നതെന്നും റെഡ് അലർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സമാനമായ മുന്നറിയിപ്പാണ് ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും നൽകിയിരുന്നതെന്നും മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. ഓൺലൈനായി നടന്ന വാർത്തസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
കനത്തമഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടാവാമെന്ന് കേരളത്തിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെന്നും അത് മുഖവിലയ്ക്കെടുത്ത് ദുർബലമേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെങ്കിൽ നാശനഷ്ടം കുറയ്ക്കാമായിരുന്നെന്നും പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ, അമിത് ഷാ പാർലമെന്റിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയുണ്ടായി.
പ്രശ്നമുണ്ടാകുമ്പോൾ ആരുടെയെങ്കിലും പെടലിക്കിട്ട് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറിയാൽ രക്ഷപ്പെടാനാവുമോയെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ചോദിച്ചിരുന്നു. അമിത്ഷാ പറയുന്നത് കാലാവസ്ഥാമുന്നറിയിപ്പാണ്. അതെല്ലാകാലത്തും ഗൗരവമായെടുക്കാറുണ്ട്. ദുരന്തത്തിനുമുൻപ് ഒരുതവണപോലും പ്രദേശത്ത് റെഡ് അലർട്ട് നൽകിയിരുന്നില്ല. ഓറഞ്ച് അലർട്ടേ ഉണ്ടായിരുന്നുള്ളൂ. അപകടദിവസം രാവിലെ ആറുമണിക്കാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത പറഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി
Post a Comment