വ്യാപക ലൈംഗിക ചൂഷണം, അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

(www.kl14onlinenews.com)
(19-August -2024)

വ്യാപക ലൈംഗിക ചൂഷണം, അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടിലെ 233 പേജുകളാണ് പുറത്തുവിട്ടത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങളും ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 49-ാം പേജിലെ 96-ാം പാരഗ്രാഫ് 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും വെളിപ്പെടുത്തിയിട്ടില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിലുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നു. വെളിപ്പെടുത്തുകൾ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി റിപ്പോർട്ടിലുണ്ട്.

വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും, സിനിമാമേഖലയിലെ ലൈംഗിക ചൂഷണം വ്യാപകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നൂറ്റാണ്ടുകളായി കുത്തക പോലെയാണ് മലയാള സിനിമയിലെ പുരുഷാധിപത്യം. വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നതായി പല നടിമാരും മൊഴി നൽകി. സ്ത്രീക്കും പുരുഷനും തുല്യ അധികാരം വേണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.

സ്ത്രീകളെ സിനിമയിൽ ചിത്രീകരിക്കുന്നതിലും പ്രശ്നങ്ങളുണ്ട്. നായിക ഒഴികെ ആർക്കും കാരവാൻ സൗകര്യം അനുവധിക്കാറില്ല. ശുചിമുറി ഉപയോഗിക്കുന്നതിലടക്കം പലരും വ്യാപകമായി ബുദ്ധിമുട്ടനുഭവിക്കുന്നു. ഹോട്ടൽ മുറികളിൽ രാത്രി ഒറ്റയ്ക്ക് കഴിയാൻ പല നായികമാർക്കും പേടിയാണ്. രാത്രിയിൽ വാതിലിൽ മുട്ടുന്നത് പതിവാണ്. പല പ്രധാന നടിമാരെയും ഇറുകിയ വസ്ത്രം ധരിച്ച് സ്ക്രീനിൽ അവതരിപ്പിക്കുന്നു, റിപ്പോർട്ടിൽ പറയുന്നു.

ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഇന്നു ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ രഞ്ജിനി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ലഭിച്ചില്ല. സിംഗിൾ ബെഞ്ചും ഹർജി തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിലെ നിയമ തടസം നീങ്ങിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കിയുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് വിവരാവകാശ കമ്മിഷനാണ് അറിയിച്ചത്. റിപ്പോർട്ട് സമർപ്പിച്ച് 5 വർഷത്തിനുശേഷമാണ് വിവരങ്ങൾ പുറത്തുവിടാൻ കമ്മിഷൻ തയ്യാറായത്. ഇതിനുപിന്നാലെയാണ് റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയിലും നടി രഞ്ജിനിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഇരുവരുടെയും ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.

സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് 2019 ഡിസംബർ 31 നാണ് ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നതിനുപിന്നാലെയാണ് സ​ർ​ക്കാ​ർ ജ​സ്‌​റ്റി​സ്‌ ഹേ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി​യെ നിയോഗിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അടങ്ങിയ മൂന്നംഗ സമിതിയാണ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.

കെട്ടിപ്പിടിക്കുന്ന സീനിന് 17 റീടേക്ക്, ചുഷണം ചെയ്യുന്നവരിൽ സൂപ്പർ സ്റ്റാറുകളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി വിമർശിച്ചെന്നും നടി പറയുന്നു. കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമ്മിഷന് മൊഴി നൽകി.

തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ദുരൂഹതകളുടെ ആകാശം വാസ്തവത്തിൽ അങ്ങനെയല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്. സിനിമയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് ഇങ്ങനെ തുടങ്ങുന്നു.

സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻ‌മാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്ത‍ിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്. ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യമാണ്.

ആരെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാല്‍ ആ നിമിഷം സിനിമാ മേഖലയില്‍ നിന്ന് പുറത്ത്. ഒരു നിയമത്തിന്റെയും അടിസ്ഥാനമില്ല. ഉന്നതര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ പറയാനോ എഴുതാനോ കഴിയാത്തത്ര വിധത്തില്‍ വേദനിപ്പിക്കുന്നത്. നടിമാരുടെ മുറിയുടെ വാതിലുകളില്‍ മുട്ടുന്നത് പതിവാണ്. മലയാള ചലച്ചിത്ര വ്യവസായം പുരുഷന്മാരായ ചില നിര്‍മാതാക്കളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും നിയന്ത്രണത്തിലാണ്.

അവര്‍ മലയാളം സിനിമാ വ്യവസായത്തെ മുഴുവന്‍ നിയന്ത്രിക്കുകയും, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളെ ഭരിക്കുകയും ചെയ്യുന്നു. പരാതി കൈകാര്യം ചെയ്യാന്‍ ഐസിസിയില്‍ പ്രവര്‍ത്തിക്കുന്നവരെ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഐസിസിയുടെ ഭാഗമായവരില്‍ ആരെങ്കിലും അധികാരത്തിലുള്ളവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കുകയോ അവരെ സിനിമയില്‍ നിന്ന് തുടച്ചുനീക്കുകയോ ചെയ്യുന്നു.

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ല, കഴിവുള്ള നടന്മാരെ ഉള്‍പ്പടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കിയത് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. താരാധിപത്യം അടക്കി ഭരിക്കുന്നു. ഉന്നത താരങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയെല്ലാം തുടച്ചുനീക്കും.ചാന്‍സ് ലഭിക്കാന്‍ വഴങ്ങിക്കൊടുക്കണം. സ്ത്രീകളെ പീഡിപ്പിക്കുന്ന സമീപനം. ഇത് മനുഷ്യാവകാശ ലംഘനം. ഭരണഘടനാ വിരുദ്ധമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Post a Comment

Previous Post Next Post