മടങ്ങാൻ വഴികളില്ല; നാല് ദിവസമായി ചൂരൽമലയിൽ സ്ഥിര താമസമാക്കി ഈ കെഎസ്ആർടിസി ബസ്

(www.kl14onlinenews.com)
(03-August -2024)

മടങ്ങാൻ വഴികളില്ല; നാല് ദിവസമായി ചൂരൽമലയിൽ സ്ഥിര താമസമാക്കി ഈ കെഎസ്ആർടിസി ബസ്
മടങ്ങാൻ വഴികളില്ലാതെ നാല് ദിവസമായി ചൂരൽമലയിൽ സ്ഥിര താമസമാക്കി ഒരു കെഎസ്ആർടിസി ബസ്. വർഷങ്ങളായി രാത്രിയിൽ മുണ്ടക്കൈയിലേക്ക് ഓടുന്ന അവസാന ബസാണിത്. വയനാട് മണ്ണിടിച്ചിൽ ഉണ്ടായ ആ ദിവസവും രാത്രി എട്ടരയോടെ കൽപ്പറ്റയിൽനിന്നും പുറപ്പെട്ടു. ഒൻപതേമുക്കാലോടെ ബസ് മുണ്ടക്കൈയിലെത്തുകയും ചെയ്തു. എന്നാൽ ബസ്സിൽനിന്നിറങ്ങിയ പലരും ജീവിതത്തിലേക്കാണോ മരണത്തിലേക്കാണോ ഇറങ്ങിപ്പോയത് എന്നുപോലും ഇപ്പോഴും അറിയില്ല.

ചൊവ്വാഴ്ച്ച വെളുപ്പിനെ ആ നാടിനെ മണ്ണിടിച്ചിൽ തുടച്ചുനീക്കയതോടെ ചൂരൽമലയിൽ സ്ഥിര താമസമാക്കേണ്ടി വന്നു ഈ ബസ്സിന്. കണ്ടക്ടർ കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശി സി.കെ.മുഹമ്മദ് കുഞ്ഞിയും ഡ്രൈവർ പി.വി.സജിത്തും ബസ്സിനൊപ്പം കുടുങ്ങിയിരുന്നു. ഒടുവിൽ ബെയ്ലി പാലം പൂർത്തിയായപ്പോഴാണ് ഇരുവരും തിരികെ എത്തിയത്.

പതിവുപോലെ തിങ്കളാഴ്ച്ചയും ബസ് ചൂരൽമല ക്ഷേത്രത്തിനുമുന്നിലെ റോഡിലൂടെ ക്ലിനിക്കുമുന്നിലെത്തി അവിടെ പാർക്ക് ചെയ്തു. ക്ലിനിക്കിനോടു ചേർന്നുള്ള മുറിയിലാണ് ഡ്രൈവറും കണ്ടക്ടറും രാത്രി ഉറങ്ങാറുള്ളത്. ചൊവ്വാഴ്ച രാവിലെ ഒരുമണിയോടെയാണ് ഉരുൾപൊട്ടിയത്. പക്ഷേ ചൂരൽമലയിൽനിന്ന് രണ്ടരകിലോമീറ്റർ ദൂരെയായതിനാൽ ഇവർ ശബ്ദം കേട്ടില്ല. നാലുമണിയോടെ വീണ്ടും ഉരുൾപൊട്ടി. അകലെനിന്ന് പാറക്കല്ലുകളും മരങ്ങളും ഒഴുകിവരുന്നതിന്റെ ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്.

രാവിലെ നേരം വെളുത്തപ്പോൾ ഇരുവരും പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. തങ്ങൾ കടന്നുവന്ന പാലമില്ല. അക്കരെ ചൂരൽമല അങ്ങാടിയില്ല. കെട്ടിടങ്ങളില്ല. വീടുകളും പാഡികളും കാണാനില്ല. ഇരുവരും ഉടനെ ഫോണിൽ വിഡിയോ പകർത്തി എല്ലാവർക്കും അയച്ചു.പേടിയോടെ അല്ലാതെ ആ ദിനത്തെക്കുറിച്ച് ഓർക്കാനാവില്ലെന്ന് ഇരുവും പറയുന്നത്.

Post a Comment

Previous Post Next Post