(www.kl14onlinenews.com)
(17-August -2024)
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ മേജര്‍ രവി വിചാരണ നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിപ്പട്ടികയില്‍ നിന്നും വിചാരണയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ രവി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതിയുടെ ഈ നടപടി. എറണാകുളം ഒന്നാം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മേജര്‍ രവി വിചാരണ നടപടികള്‍ നേരിടേണ്ടത്.
മുന്‍ സൈനിക ഉദ്യോഗസ്ഥനും സിനിമാ താരവുമാണ് മേജര്‍ രവി. മേജര്‍ രവിയെപ്പോലെയുള്ളവര്‍ എന്ത് പറയുമെന്ന് സാധാരണക്കാരായ ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. പ്രസംഗിക്കുമ്പോഴും പ്രസ്താവനകള്‍ നല്‍കുമ്പോഴും ജാഗ്രത പാലിക്കണം. നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായാണ് മേജര്‍ രവി വിചാരണയെ കാണേണ്ടത്. കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അക്കാര്യം വിചാരണ ചുമതലയുള്ള കോടതിയെ ബോധ്യപ്പെടുത്തണമെന്നുമാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധിന്യായം.
2016ല്‍ എറണാകുളത്ത് ഒരു പരിപാടിയിലായിരുന്നു മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരെ മേജര്‍ രവിയുടെ വിവാദ പരാമര്‍ശം. മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിക്കുകയും മാനസിക വ്യഥ സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് മേജര്‍ രവി പ്രസ്താവന നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 വകുപ്പ് അനുസരിച്ച് സ്ത്രീകളുടെ അന്തസിനെ ഹനിക്കുക, 499, 500 വകുപ്പുകള്‍ അനുസരിച്ച് അപകീര്‍ത്തിക്കുറ്റം, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്നിവയാണ് മേജര്‍ രവിക്കെതിരെ ചുമത്തിയ കുറ്റം.
എന്നാല്‍ കുറ്റം ചെയ്തിട്ടല്ലെന്നായിരുന്നു ഹര്‍ജിക്കാരനായ മേജര്‍ രവിയുടെ വാദം. അപകീര്‍ത്തിക്കുറ്റം അനുസരിച്ച് കേസെടുക്കാന്‍ പൊലീസിന് അധികാരമില്ല. പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കുന്ന പരാതിയാനുസരിച്ച് മാത്രമേ നടപടി സ്വീകരിക്കാനാവൂ എന്നുമായിരുന്നു മേജര്‍ രവിയുടെ വാദം. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് അപകീര്‍ത്തിക്കുറ്റം ചുമത്തി കേസെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് കേസെടുത്ത നടപടിയും റദ്ദാക്കണമെന്ന മേജര്‍ രവിയുടെ ആവശ്യം ഹൈക്കോടതി തള്ളി. മാധ്യമ പ്രവര്‍ത്തകയുടെ പേര് പറയാതെയാണ് പരാമര്‍ശമെന്ന മേജര്‍ രവിയുടെ വാദവും തള്ളിയാണ് ഹൈക്കോടതിയുടെ തീരുമാനം
Post a Comment